കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം; പോക്സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും

പ്രായപൂർത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും.വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം കല്യാണത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കള്‍, കേസിലും വിവാദത്തിലും പ്രതികരിക്കാതെ മൗനം തുടരുകയാണ്.വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച്‌ 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *