‘ഭർത്തൃവീട്ടിലെ അടുക്കളയിൽ കയറുന്നത് വിലക്കുന്നത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നത്’

best supreme court lawyers in Delhi

മുംബൈ: ഭർതൃവീട്ടിൽ പാചകം ചെയ്യുന്നതിൽനിന്നു വിലക്കുന്നത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും അത് മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നും ബോംബെ ഹൈക്കോടതി. ഭാര്യയുടെ പരാതിയിൽ തന്റെ മേൽ ചുമത്തിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ നിരീക്ഷണം.2022 നവംബറിലായിരുന്നു ഇവരുടെ വിവാഹം. അധികം വൈകാതെ പ്രശ്നങ്ങൾ തുടങ്ങിയതായി യുവതി ഹർജിയിൽ പറയുന്നു. ഭർതൃവീട്ടിൽ തന്നെ ഒരു കീഴ്ജീവനക്കാരിയെപ്പോലെയാണ് കണക്കാക്കിയിരുന്നതെന്നും തന്റെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. തന്നെ അടുക്കളയിൽ കയറുന്നതിൽ നിന്ന് വിലക്കി. വീട്ടിൽ ഭക്ഷണം പാകം ചെയ്യാനുള്ള അവകാശം നിഷേധിച്ചു. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ നിർബന്ധിതയായി. മാതാപിതാക്കളുടെ വീട്ടിൽ പോകുന്നത് തടഞ്ഞു, വിവാഹമോചനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നും ഹർജിയിലുണ്ട്. എന്നാൽ, താൻ നൽകിയ വിവാഹമോചന ഹർജിക്കുള്ള പ്രതികാരമായാണ് ഭാര്യ പരാതി നൽകിയതെന്നായിരുന്നു ഭർത്താവിന്റെ വാദം.ഭർത്താവിനെതിരെയുള്ള പീഡനാരോപണം റദ്ദാക്കാൻ ജസ്റ്റിസ് ഊർമിള ജോഷി-ഫാൽക്കെ അധ്യക്ഷയായ ബെഞ്ച് വിസമ്മതിച്ചു. ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതും അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും വീട്ടിലെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതും മാനസിക ക്രൂരതയുടെ വ്യക്തമായ ഉദാഹരണങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ഒരു സ്ത്രീയെ പീഡിപ്പിക്കുന്നത് തടയുക എന്നതായിരുന്നു ഇന്ത്യൻ ശിക്ഷാനിയമത്തിൽ സെക്ഷൻ 498 എ ഉൾപ്പെടുത്തിയതിന്റെ ലക്ഷ്യം എന്നതിൽ സംശയമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *