കൊച്ചി: കശുവണ്ടി കോര്‍പ്പറേഷൻ അഴിമതിക്കേസില്‍ പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഏപ്രിൽ 10ന് വിധി പറയും. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.കോടതിയലക്ഷ്യം നടന്നിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രോസിക്യൂഷന് അനുമതി നല്‍കാത്തത് കോടതിയലക്ഷ്യം തന്നെയാന്നെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ എംഡി കെ.എ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നും സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് അതിനാലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2006-2015 കാലയളവിൽ കശുവണ്ടി വാങ്ങിയത് പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നാണ് സർക്കാർ നിലപാട്.തോട്ടണ്ടി സീസൺ വിളയായതിനാല്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാന്‍ അനുമതി നല്‍കിയെന്നുമാണ് സര്‍ക്കാർ നിലപാട്. മൂന്ന് തവണയാണ് സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.
കശുവണ്ടി കോര്‍പ്പറേഷൻ അഴിമതി; പ്രതികളുടെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരായ ഹർജിയിൽ വിധി പറയാൻ ഹൈക്കോടതി
