‘പള്ളിച്ചട്ടമ്പി’ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഹണിക്കും

ടോവിനോ തോമസ് നായകനാകുന്ന പുതിയ സിനിമ പളളിച്ചട്ടമ്പിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തന്നില്‍ നിന്ന് തട്ടിയെടുത്ത പതിനഞ്ച് കോടി രൂപ ചെലവിട്ടാണ് സിനിമ നിര്‍മ്മിച്ചതെന്ന് കാട്ടി ദുബൈ സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ചെര്‍പ്പുളശേരി സ്വദേശി നൗഫല്‍ അഹമ്മദ്, വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇഡി അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് പളളിച്ചടമ്പിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ദുബൈ വ്യവസായി സുനില്‍ അഗർവാള്‍ ആണ് സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ദുബൈയില്‍ അറസ്റ്റ് വാറന്‍റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുക്കാൻ കേന്ദ്ര ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കണമെന്നും ഹർജിയിലുണ്ട്. ഹർജി തീർപ്പാക്കുന്നത് വരെ പള്ളിച്ചട്ടമ്പി സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യമുണ്ട്.ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹരാണ് നായികയായി എത്തുന്നത്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ന്‍‍മെന്‍റ് എന്ന ബാനറില്‍ ചാണുക്യ ചൈതന്യ ചരണ്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു ചിത്രം. ടൊവിനോയ്ക്ക് ഒപ്പം വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *