ബംഗാള്‍ എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായ മുൻ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും കുടുംബവും പട്ടികയില്‍ തിരിച്ചെത്തി

മുൻ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ഷാഹിദുല്ല മുൻഷിയുടെയും കുടുംബാംഗങ്ങളുടെയും പേര് പശ്ചിമ ബംഗാള്‍ വോട്ടർ പട്ടികയില്‍ പുനഃസ്ഥാപിച്ചു.പേര് ഒഴിവാക്കിയതിനെതിരെ ഷാഹിദുല്ല മുൻഷി പരസ്യമായി രംഗത്ത് എത്തിയിരുന്നു.എസ്‌ഐആര്‍ പ്രകാരം മാർച്ച്‌ 27ന് പുറത്തിറക്കിയ അനുബന്ധ പട്ടികയിലാണ് ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും തന്റെയും കുടുംബത്തിന്റെയും പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി മുൻ ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വാർത്താപ്രാധാന്യം നേടിയതോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അധികൃതർ തിരുത്തല്‍ നടപടി സ്വീകരിച്ചത്.രണ്ടുതവണ വെരിഫിക്കേഷൻ പ്രക്രിയയില്‍ പങ്കെടുത്തിട്ടും ജസ്റ്റിസ് മുൻഷിയുടെ പേര് ‘ലിസ്റ്റിലില്ല’ എന്നും ഭാര്യയുടെയും മകന്റെയും പേരുകള്‍ പരിഗണനയില്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. മതിയായ കാരണങ്ങളില്ലാതെയാണ് പേര് നീക്കം ചെയ്തതെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കാൻ പോലും തടസ്സങ്ങള്‍ നേരിട്ടതായും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് പുതിയ സപ്ലിമെന്ററി ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി അധികൃതർ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്.ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സംസ്ഥാന സർക്കാർ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. വൻതോതില്‍ വോട്ടർമാരെ ഒഴിവാക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ ഒരു മുൻ ഉന്നത നീതിപീഠം അംഗത്തിന് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുടനീളം നിരവധി പേരാണ് തങ്ങളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ തിരികെ ലഭിക്കാൻ ഓഫീസുകള്‍ കയറിയിറങ്ങുന്നത്.നിലവില്‍ പശ്ചിമ ബംഗാള്‍ വഖഫ് ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കുകയാണ് ഷാഹിദുല്ല മുൻഷി. 2013 മുതല്‍ 2020 സെപ്റ്റംബർ വരെയാണ് അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *