ഐസ്ക്രീമിൽ നിന്ന് ആണി കഴിച്ച യുവതിക്ക് നഷ്ടപരിഹാരമായി കോടികള്‍ വിധിച്ച്‌ കോടതി

ഐസ്‌ക്രീമിനുള്ളില്‍ മാരകമായ ഇരുമ്പ് കഷ്ണങ്ങളും ആണിയും ഇരുന്നാലോ? അത്തരമൊരു അനുഭവമാണ് അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശിനി ബ്രാൻഡി ബക്ക്ലി എന്ന യുവതിക്ക് നേരിടേണ്ടി വന്നത്. 2018 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ രണ്ട് മക്കളോടൊപ്പമാണ് ബ്രാൻഡി ഐസ്‌ക്രീം കടയിലെത്തിയത്. ബട്ടർ പെക്കാൻ ഫ്‌ളേവറിലുള്ള ഐസ്‌ക്രീം കഴിക്കുന്നതിനിടെയായിരുന്നു യുവതിക്ക് അസ്വാഭാവികത തോന്നിയത്. ഐസ്‌ക്രീമില്‍ ഉണ്ടായിരുന്ന അണ്ടിപ്പരിപ്പാണെന്ന് കരുതി അവർ കടിച്ചു വിഴുങ്ങിയത് മൂർച്ചയുള്ള ഇരുമ്പ് കഷ്ണങ്ങളും ആണികളുമായിരുന്നു.അസ്വസ്ഥത തോന്നിയ യുവതിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്‌റേ പരിശോധനയില്‍ വയറിനുള്ളില്‍ ആണി അടക്കമുള്ള ലോഹഭാഗങ്ങള്‍ കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെങ്കിലും ചില ലോഹഭാഗങ്ങള്‍ ശരീരത്തില്‍ തന്നെ അവശേഷിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായി. ഇതേത്തുടർന്ന് 2019ലാണ് യുവതി കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഒടുവില്‍ ഇതിനെതിരെ വർഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തില്‍ യുവതിക്ക് 14 മില്യണ്‍ ഡോളർ (ഏകദേശം 132 കോടി രൂപ ) നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിടുകയായിരുന്നു.ഐസ്‌ക്രീം കടയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന് കോടതി കണ്ടെത്തി. ഐസ്‌ക്രീമിന്റെ അവശിഷ്ടവും അതിനുള്ളിലെ ആണിയും തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഇത്തരം ബ്രാൻഡുകള്‍ക്ക് ഇതൊരു പാഠമാകണമെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജൂറി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *