പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുത്-മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. പള്ളികളിൽ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപത് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നൽകിയ വാദത്തിലാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്.മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിച്ചാൽ അത് അത് ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്ന് മുസ്‌ലിം പേഴ്‌സണൽ ബോർഡ് വ്യക്തമാക്കി. സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് എടുക്കാൻ ഭരണഘടനയുടെ 26 (ബി) (ഡി) പ്രകാരം പള്ളി കമ്മിറ്റികൾക്കാണ് അധികാരം. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് വിലക്കില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.AdvertisementsXഖുറാനോ ഹദീസിലോ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്ക് വേണമെന്ന് പറഞ്ഞിട്ടില്ല എന്നാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡ് എഴുതി നൽകിയ വാദത്തിൽ വിശദീകരിച്ചിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളിയിൽ സ്ത്രീകൾ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ പല മുസ്‌ലിം പള്ളികളും സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. ചില പള്ളികളിൽ സ്ത്രീകൾക്ക് പ്രാർഥനയ്ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിനാൽ മുസ്‌ലിംസ്ത്രീകളോട് വിവേചനം ഉണ്ടെന്ന് പറയാനാകില്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് വ്യക്തമാക്കി.ഒരു പ്രത്യേക ആരാധനാലയത്തിലേക്കുള്ള പ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആ ആരാധനാലയവും ആയി ബന്ധപെട്ടവരാണ്. സർക്കാരുകളോ കോടതികളോ ഈ വിഷയത്തിൽ ഇടപെടരുതെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *