ബസ് തട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകമായി; കോട്ടയത്ത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി

കോട്ടയം മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഒന്നാം പ്രതി ഷമീർ, രണ്ടാം പ്രതി സിനാജ്, ഇവരുടെ പിതാവ് അബ്ദുള്‍ അസീസ്, മറ്റ് പ്രതികളായ സുധീർ, ഷാജി എന്നിവരെയാണ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിലുണ്ടായിരുന്ന മറ്റ് നാല് പ്രതികളെ കോടതി വെറുതെ വിട്ടു. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ സഹോദരൻ നോബിളിനും നല്‍കണം.2012 മാർച്ച്‌ 16-നായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പെട്രോള്‍ പമ്പില്‍ വെച്ച്‌ ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തെത്തുടർന്ന് ബസ് ഡ്രൈവർ നോബിളിനെ മർദിച്ച പ്രതികള്‍, പിന്നീട് ഇയാള്‍ ചികിത്സ തേടിയ ആശുപത്രിയിലെത്തിയും ആക്രമണം തുടർന്നു. അവിടെനിന്ന് രക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടില്‍ അഭയം തേടിയ സഹോദരങ്ങളായ നോബിളിനെയും നോയലിനെയും പ്രതികള്‍ പിന്തുടർന്നെത്തി മാരകായുധങ്ങളുമായി വീണ്ടും ആക്രമിക്കുകയായിരുന്നു.രക്ഷപ്പെടാനായി മുറിഞ്ഞപുഴയാറ്റിലേക്ക് ചാടിയ സഹോദരങ്ങളെ കരയില്‍ നിന്ന പ്രതികള്‍ ക്രൂരമായി കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ് അവശനായ നോയല്‍ വെള്ളത്തില്‍ താഴ്ന്നു മരിച്ചു. വിചാരണ വേളയില്‍ 49 സാക്ഷികളെയും 72 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്. കൂറുമാറിയ നാല് സാക്ഷികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജി, ഗിരിജാ ബിജു എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *