‘ജഡ്ജിമാരെ സംരക്ഷിക്കുന്നതിൽ കൊളീജിയം പരാജയപ്പെടുന്നു’! തുറന്നടിച്ച് സുപ്രീം കോടതി ജഡ്ജി

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന ജഡ്ജിമാർക്കൊപ്പം നിൽക്കുന്നതിൽ സുപ്രീം കോടതി കൊളീജിയം മുൻകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത. ഇത്തരം വീഴ്ചകൾ സത്യസന്ധരായ ജഡ്ജിമാരുടെ മനോവീര്യം തകർക്കുമെന്നും കരിയർ വളർച്ചയേക്കാൾ ധാർമ്മികതയ്ക്ക് മുൻഗണന നൽകുന്നവരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുപ്രീം കോടതി ബാർ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിലവിലെ 34-ൽ നിന്ന് 40 ആയി ഉയർത്തണമെന്നും അദ്ദേഹം ഈ വേദിയിൽ ആവശ്യപ്പെട്ടു.സഹ ജഡ്ജിമാർ നീതി നടപ്പാക്കുന്നതിന്റെ പേരിൽ ഇരകളാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൊളീജിയം അംഗങ്ങൾ ജാഗ്രത കാട്ടണമെന്ന് വേദിയിലുണ്ടായിരുന്ന ജസ്റ്റിസ് ബി.വി. നാഗരത്നയോട് അദ്ദേഹം നേരിട്ട് അഭ്യർത്ഥിച്ചു. അധികാരത്തിലുള്ളവരുടെ അപ്രീതിക്ക് കാരണമായാലും സ്ഥാനക്കയറ്റം നഷ്ടപ്പെട്ടാലും ശരിയായ തീരുമാനങ്ങൾ എടുക്കാൻ ജഡ്ജിമാർ മടിക്കരുതെന്ന് ജസ്റ്റിസ് നാഗരത്നയും ഇതിനോട് പ്രതികരിച്ചു. വലിയ ലക്ഷ്യങ്ങൾക്കായി വ്യക്തിപരമായ തിരിച്ചടികൾ നേരിടാൻ ജഡ്ജിമാർക്ക് മാനസിക ധൈര്യം വേണമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഇത് അനിവാര്യമാണെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.കോടതി അവധി ദിവസങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്കും ജഡ്ജിമാർ മറുപടി നൽകി. ജഡ്ജിമാർ അവധി ദിവസങ്ങൾ വിധിന്യായങ്ങൾ എഴുതാനാണ് വിനിയോഗിക്കുന്നതെന്നും പുറത്തുനിന്നുള്ളവർ കരുതുന്നതുപോലെ അത് വിനോദയാത്രകൾക്കുള്ളതല്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഒരു ജഡ്ജിയുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് അനുഭവപരിചയമില്ലാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് ജസ്റ്റിസ് ദത്തയും കൂട്ടിച്ചേർത്തു. ജുഡീഷ്യൽ ഭരണനിർവ്വഹണത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ജഡ്ജിമാരുടെ സംരക്ഷണത്തെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾക്കാണ് സമ്മേളനം വേദിയായത്.

Leave a Reply

Your email address will not be published. Required fields are marked *