ശബരി റെയിൽ പദ്ധതിയെ കോൾഡ് സ്റ്റോറേജിൽ വയ്ക്കരുത്‌: കേന്ദ്രസർക്കാരിനോട്‌ ഹൈക്കോടതി

കൊച്ചി: ശബരി റെയിൽ പദ്ധതിയെ ‘കോൾഡ്‌ സ്‌റ്റോറേജിൽ’ വയ്‌ക്കരുതെന്ന്‌ കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ച്‌ ഹൈക്കോടതി. പദ്ധതിയുടെ പകുതി ചെലവ് നൽകാമെന്ന്‌ സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ സ്ഥലം ഏറ്റെടുത്ത്‌ റെയിൽവേയ്‌ക്ക് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്‌. മരവിപ്പിച്ചിരുന്ന പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാമെന്നും കേന്ദ്രം ബോധിപ്പിച്ചു. ഇതോടെയാണ്‌ പദ്ധതി ഇനിയും ‘കോൾഡ് സ്റ്റോറേജിൽ’ വയ്ക്കരുതെന്ന് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞത്‌.പദ്ധതിച്ചെലവായ 3800.9 കോടി രൂപയിൽ 1900 കോടി രൂപ സംസ്ഥാനം നൽകും. കിഫ്ബിയിൽനിന്നുള്ള സാമ്പത്തിക സഹായത്തോടെ പദ്ധതിച്ചെലവ് നൽകാമെന്നാണ്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങിയെന്നും അറിയിച്ചു. ദക്ഷിണ റെയിൽവേയുടെ കൺസ്ട്രക്‌ഷൻ വിഭാഗം ‍ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാബിൻ അസഫാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.ശബരി റെയിൽവേ സെൻട്രൽ ആക്‌ഷൻ കൗൺസിൽ സെക്രട്ടറി ജിജോ ജോസഫ് നൽകിയ ഹർജിയാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. പദ്ധതിയുടെ വിശദമായ മാപ്പും അംഗീകൃത അലൈൻമെന്റും സംസ്ഥാന സർക്കാരിന്‌ കൈമാറാൻ ദക്ഷിണ റെയിൽവേ കൺസ്‌ട്രക്‌ഷൻ വിഭാഗത്തിന്‌ റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *