നടി ശ്രീദേവിയുടെ ചെന്നൈയിലുള്ള സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ നിർമാതാവ് ബോണി കപൂറിനും മക്കളായ ജാൻവി, ഖുഷി എന്നിവർക്കും മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം.ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള ശ്രീദേവിയുടെ വസ്തുവുമായി ബന്ധപ്പെട്ട് ചെങ്കല്‍പേട്ട് അഡീഷണല്‍ ഡിസ്ട്രിക്‌ട് കോടതിയിലുള്ള പരാതി തള്ളാൻ കീഴ്ക്കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരെ കപൂർ കുടുംബം സമർപ്പിച്ച സിവില്‍ റിവിഷൻ പെറ്റീഷൻ പരിഗണിച്ച ജസ്റ്റിസ് ടി.വി. തമിഴ്സെല്‍വി, ജില്ലാ കോടതിയിലെ എല്ലാ നടപടികളും മാർച്ച് 26 വരെ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടു.ചന്ദ്രഭാനു എന്ന സ്ത്രീയും മക്കളുമാണ് ശ്രീദേവിയുടെ പേരിലുള്ള 4.7 ഏക്കർ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ശ്രീദേവിയും സഹോദരിയും ചേർന്ന് ഈ ഭൂമി വാങ്ങിയ നാല് ആധാരങ്ങള്‍ വ്യാജമാണെന്നും മുത്തച്ഛന്റെ വകയായ സ്വത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ പരാതിക്കാർ നടത്തുന്നത് തട്ടിപ്പ് ശ്രമമാണെന്നും 1988-ലെ ആധാരങ്ങളെ 37 വർഷങ്ങള്‍ക്ക് ശേഷം ചോദ്യം ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും ബോണി കപൂർ കോടതിയില്‍ ചൂണ്ടിക്കാട്ടി.കൂടാതെ പരാതിക്കാരിയായ ചന്ദ്രഭാനുവിന്റെ വിവാഹം നിയമപരമായി അസാധുവാണെന്നും അതിനാല്‍ അവർക്ക് സ്വത്തില്‍ അവകാശമില്ലെന്നും ബോണി കപൂറിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ വിഭജിക്കാത്ത സ്വത്തുക്കളുടെ കാര്യത്തില്‍ കേസ് ഫയല്‍ ചെയ്യാൻ സമയപരിധിയില്ലെന്നാണ് പരാതിക്കാരുടെ നിലപാട്. 2018-ല്‍ ദുബായില്‍ വെച്ച് ശ്രീദേവി അപ്രതീക്ഷിതമായി മരണപ്പെട്ടതിന് പിന്നാലെയാണ് ഈ സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. കേസ് കൂടുതല്‍ വാദത്തിനായി മാർച്ച് 26-ലേക്ക് മാറ്റിയിരിക്കുകയാണ്.
ശ്രീദേവിയുടെ സ്വത്ത് തര്‍ക്കം; ബോണി കപൂറിനും മക്കള്‍ക്കും ആശ്വാസം, കീഴ്ക്കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
