കോവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളില്‍ നഷ്ട പരിഹാരം നല്‍കുന്നതിന് കുറ്റമറ്റ രീതിയില്‍ നയം വേണമെന്ന് സുപ്രീംകോടതി.നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നല്കി. നിലവിലെ ചട്ടക്കൂടില്‍ നയം രൂപീകരിക്കണം. നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രത്തിന് അന്തിമ തീരുമാനം എടുക്കാം എന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു.കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന ഒരു നയവും ദുരന്തനിവാരണ നിയമപ്രകാരം നിലവിലില്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. വാക്സിൻ നല്‍കിയതിലോ നിർമിച്ചതിലോ പിഴവ് സംഭവിച്ചു എന്ന് സ്ഥാപിക്കാതെ തന്നെ, പാർശ്വഫലങ്ങള്‍ അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നല്കുന്ന രീതിയാണിത്. കോടതി നിർദേശിക്കുന്ന നഷ്ടപരിഹാര നയം നിലവിലുള്ള മറ്റ് നിയമപരമായ പരിഹാരങ്ങള്‍ തേടുന്നതിന് ആർക്കും തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള ഹർജികളില്‍ ഉള്‍പ്പെയാണ് കോടതി ഉത്തരവ്. കേസില്‍ ഹർജിക്കാർക്കായി അഭിഭാഷകരായ കെ എൻ പ്രഭു, പി സുരേഷൻ, അല്‍ജോ കെ ജോസഫ് എന്നിവർ ഹാജരായി.
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം
