പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നല്‍കണം

പാലക്കാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുവയസുകാരിയായ വിനോദിനിയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.കുട്ടി ചികിത്സാ പിഴവിന്‍റെ ഇരയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നല്‍കാൻ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കയ്യില്ലാത്തത് ഭാവിയില്‍ ജോലിക്ക് തടസമാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരായ പരാതി പരിഗണിക്കാൻ വിജിലന്‍സിന് നിര്‍ദേശം നല്‍കി. കുറ്റക്കാരാണെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൈമുറിച്ച സംഭവത്തിലെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍.പാലക്കാട് ചികിത്സ പിഴവ് മൂലം വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതു വയസുകാരി വിനോദിനി ആറു മാസങ്ങള്‍ക്ക് ശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണ് സഹപാഠികള്‍ വിനോദിനിയെ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വിനോദിനിയ്ക്ക് കൃത്രിമകൈ വെച്ചു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബർ 24 ന് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വലതു കൈയിലെ എല്ലൊടിഞ്ഞ ശേഷം ആദ്യമായാണ് വിനോദിനി സ്കൂളിലെത്തുന്നത്. പാലക്കാട് ജില്ല ആശുപതിയിലെ ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴയെതുടര്‍ന്ന് വലതു കൈ മുറിച്ചു മാറ്റിയപ്പോള്‍ തീർത്തും വീട്ടിനുള്ളില്‍ ഒതുങ്ങി കൂടിയ മാസങ്ങള്‍ക്കുശേഷാണ് വിനോദിനി വീണ്ടും സ്കൂളിലെ സൗഹൃദ തണലിലേക്ക് തിരികെ എത്തിയത്. രാവിലെ 9.30 ഓടെ അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പമാണ് വിനോദിനി ഒഴിവു പാറ എല്‍പി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചില്‍ സ്ഥലം ഒഴിച്ചിട്ട് ചങ്കുകള്‍ വിനോദിനിയാക്കായി കാത്തിരിപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *