യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനെന്ന് അമേരിക്കയിലെ കോടതി.ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് വാടകക്കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ സുപ്രധാന വിധി വരുന്നത്. ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് പകരം വീട്ടാനാണ് ഇത്തരമൊരു നീക്കം നടന്നതെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികള്‍ കരുതുന്നത്.ആസിഫ് മർച്ചൻ്റ് ഏറെക്കാലം ഇറാനിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. അമേരിക്കയില്‍ വച്ച് ഡോണാള്‍ഡ് ട്രംപിനെ വധിക്കാൻ നടത്തിയ നീക്കം ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത ആഗോള തലത്തിലേക്ക് പടർന്നതിൻ്റെ സൂചനയെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയത്. ഇറാനെതിരെ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തെയടക്കം ന്യായീകരിക്കാൻ അമേരിക്ക ഈ കോടതി വിധി ഇനി ഉപയോഗിക്കുമെന്നാണ് വിലയിരുത്തല്‍.വിദേശ രാജ്യങ്ങളുടെ സഹായത്തോടെ അമേരിക്കൻ രാഷ്ട്രീയത്തില്‍ ഇടപെടാനും പ്രമുഖരെ വകവരുത്താനും ശ്രമിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് യുഎസ് അറ്റോർണി ജനറല്‍ മെറിക് ഗാർലൻഡ് പറഞ്ഞു. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ ഈ കേസ് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. വരും ദിവസങ്ങളില്‍ ഇറാനും പാകിസ്ഥാനും ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണ്ണായകമാണ്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാൻ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയ പാക് പൗരൻ കുറ്റക്കാരനെന്ന് വിധി
