കെഎസ്‌യു പ്രവർത്തകർക്കെതിരെ വ്യാജ പരാതി നല്‍കി കള്ളക്കേസില്‍ കുടുക്കിയെന്ന് കാട്ടി മന്ത്രി വീണാ ജോർജിനെതിരെ പരാതി.കോണ്‍ഗ്രസ് നേതാവ് ടി.ഒ മോഹനനാണ് കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ മാസം 25 ന് കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന് കാട്ടി മന്ത്രിയുടെ ഗണ്‍മാൻ നല്‍കിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.മന്ത്രിയും ഗണ്‍മാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നടക്കാത്ത സംഭവത്തിൻ്റെ പേരില്‍ കള്ള പരാതി നല്‍കി നിരപരാധികളെ ജയിലില്‍ അടച്ച സംഭവത്തില്‍ മന്ത്രിക്കും ഗണ്‍മാനുമെതിരെ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻ ഡിജിപി ടി.അസഫലി മുഖേന ആണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവം നടന്ന ദിവസത്തെ കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ഹാജരാക്കാൻ നടപടി വേണമെന്നും പരാതിയോടൊപ്പം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെ കള്ള പരാതിയില്‍ ആണ് നാട്ടിലാകെ നടന്ന അക്രമം നടന്നത്. ഇതിന് മന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് കെപിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.ആദ്യഘട്ടത്തില്‍ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡിജിപി വ്യക്തമാക്കി. അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. റിമാൻഡില്‍ കഴിയുന്ന കെഎസ്‌യു നേതാക്കള്‍ നല്‍കിയ ജാമ്യാപേക്ഷ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കെഎസ്‌യു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി; മന്ത്രി വീണാ ജോര്‍ജിനെതിരെ പരാതി
