കലാരൂപങ്ങളിലൂടെയോ പ്രസംഗങ്ങളിലൂടെയോ ഏതെങ്കിലും സമുദായത്തെ അപമാനിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രിം കോടതി.മന്ത്രിമാര്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ പറഞ്ഞു. നെറ്റ്ഫ്ലിക്സ് സിനിമയായ ‘ഗൂഷ്ഖോര്‍ പണ്ഡിറ്റി’നെതിരെയുള്ള ഹരജികള്‍ തീർപ്പാക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്. മിയ മുസ്ലിംകള്ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധേയാണ് ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്റെ നിരീക്ഷണം.ഭരണകൂടത്തിന്റെ ഭാഗമായവര്‍ക്കോ അല്ലാത്തവര്‍ക്കോ ആര്‍ക്കും ഒരു സമുദായത്തെ പ്രസംഗത്തിലൂടെയോ മീമുകളിലൂടെയോ കാര്‍ട്ടൂണുകളിലൂടെയോ മറ്റ് കലാരൂപങ്ങളിലൂടെയോ അപമാനിക്കാനോ വില്ലനായി കാണിക്കാനോ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ പറഞ്ഞു. മന്ത്രിമാരെ പോലുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്ന പൊതുപ്രവര്‍ത്തകര്‍ മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെയും ലക്ഷ്യംവെക്കരുത് -കോടതി പറഞ്ഞു.ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമക്കെതിരായ ഹരജി പരിഗണിച്ചത്. ‘ഗൂഷ്ഖോര്‍ പണ്ഡിറ്റ്’ എന്ന പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നും അതിന്റെ ആമുഖത്തെ നയിക്കുന്ന തത്വചിന്തയും സാഹോദര്യമാണെന്ന് ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു. മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യങ്ങള്‍ക്കപ്പുറം ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.’ഗൂഷ്ഖോര്‍ പണ്ഡിറ്റ്’ എന്ന പേരിന്റെ അര്‍ഥം അഴിമതിക്കാരനായ പണ്ഡിറ്റ് എന്നാണെന്നും ഇത് ഒരു സമുദായത്തെ അപമാനിക്കുന്നതാണെന്നും ഹരജിയിലെ വാദത്തിനിടെ കോടതി പറഞ്ഞിരുന്നു. അതേസമയം, ഭരണഘടനാ പ്രകാരമുള്ള സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. സിനിമകളും ആക്ഷേപഹാസ്യവും ഉള്‍പ്പെടെയുള്ള കലാപരമായ ആവിഷ്കാരങ്ങള്‍ ജനാധിപത്യ ചര്‍ച്ചകളില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ചിലര്‍ അതിനെ എതിര്‍ക്കുന്നു എന്നതുകൊണ്ട് മാത്രം അവയെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു.
കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുത്, മന്ത്രിമാര്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിടരുത് :സുപ്രിംകോടതി
