കേരളത്തിലെ ജയില്‍ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹർജി.അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് വേതന വർധന ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ചത്. നേരത്തെ ഈ വിഷയത്തില്‍ ഇടപെടാൻ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു.ജയില്‍ എന്നത് തൊഴില്‍ ചെയ്യാനുള്ള ഇടമല്ല, മറിച്ച് കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കാനുള്ള ഇടമാണ്. പുറത്തുള്ള സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം തടവുകാർക്ക് നല്‍കുന്നത് ജയില്‍ ശിക്ഷയുടെ ഗൗരവം കുറയ്ക്കും. വിധിന്യായത്തിലെ ശിക്ഷാ സ്വഭാവത്തെ ഇത് ദുർബലപ്പെടുത്തുന്നുവെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ വേതന ഘടന സ്‌കില്‍ഡ്: 620 രൂപ, സെമി സ്‌കില്‍ഡ്: 560 രൂപ, അണ്‍ സ്‌കില്‍ഡ്: 530 രൂപ എന്നിങ്ങനെയാണ്. വേതന വർധന കേവലം സാമ്പത്തിക സഹായമല്ലെന്നും, തടവുകാരുടെ അന്തസ്സ് ഉയർത്തുന്നതിനും ശിക്ഷാ കാലാവധിക്ക് ശേഷം അവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നടപടിയാണെന്നുമാണ് സർക്കാരിന്റെ വാദം. വേതനം നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിനാല്‍ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി നേരത്തെ ഹർജി തള്ളിയത്.
തടവുകാരുടെ വേതന വര്‍ധന: കേരള സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
