മേഘാലയ കൽക്കരി ഖനി സ്ഫോടനം; വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം

ഷില്ലോങ് : മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതിനായി മൂന്നംഗ ജുഡീഷ്യൽ പാനലിനെ നിയമിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി ആർ എസ് ചൗഹാനാണ് പാനലിന്റെ തലവൻ. കേന്ദ്ര ഖനന നിയമങ്ങൾക്കുള്ള ഭരണഘടനാ ഇളവുകൾ പരിശോധിക്കുന്നതിനും ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനുമാണ് പാനലിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വിരമിച്ച ഐപിഎസ് ഓഫീസർ എച്ച് നോങ്പ്ലു, മുൻ ഐഎഎസ് ഓഫീസർ പിഎസ് ധ്ഖർ എന്നിവരാണ് 1952ലെ അന്വേഷണ കമീഷൻ ആക്ട് പ്രകാരം രൂപീകരിച്ച പാനലിലെ മറ്റ് അംഗങ്ങൾ. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്നു ചൗഹാൻ.ഖനിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് കമീഷൻ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. അധികാരികൾക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മേഘാലയയിലെ അനധികൃത കൽക്കരി ഖനനത്തിന്റെ മൂലകാരണങ്ങൾ പാനൽ പരിശോധിക്കുകയും തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ കൽക്കരി ഖനന നിരോധനം മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള പരിഹാര നടപടികൾ, സാമ്പത്തിക പുനരധിവാസ പദ്ധതികൾ എന്നിവയ്ക്കും കമീഷൻ ശുപാർശ ചെയ്യും. സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ഫെബ്രുവരി 9 ന് മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ വ്യക്തമാക്കിയിരുന്നു.സംഭവത്തിനുപിന്നാലെ ഈസ്റ്റ് ജയന്തിയാ ഹിൽസ് എസ്പി വികാസ് കുമാറിനെ സ്ഥലം മാറ്റി മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായി സർക്കാർ നിയമിച്ചതായും മറ്റൊരു വിജ്ഞാപനത്തിൽ പറയുന്നു. എഎൻടിഎഫ് മേധാവി പികെ രസ്ഗനിയയാണ് ഈസ്റ്റ് ജയന്തിയാ ഹിൽസിന്റെ പുതിയ എസ്പി.ഫെബ്രുവരി അഞ്ചിന് പുലർച്ചെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ മയൻസങ്ത്-താങ്‌സ്കോ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. 31 പേരാണ് മരിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിട്ടുള്ള ശാസ്ത്രീയമല്ലാത്ത ‘എലിമട ഖനനം’ നടന്ന ഖനിയിലായിരുന്നു അപകടം. ഇതേ പ്രദേശത്ത് കഴിഞ്ഞ ഡിസംബർ 23-നും സ്ഫോടനമുണ്ടാവുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *