ജയിലിൽ ഗാന്ധിയെ കുറിച്ച് ഉപന്യാസമെഴുതി; അഞ്ച് വയസുകാരിയ ബലാത്സംഗം ചെയ്ത പ്രതിയുടെ ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് ഹൈക്കോടതി

മുംബൈ: മഹാത്മാ ഗാന്ധിയെക്കുറിച്ച് ഉപന്യാസം എഴുതിയതുൾപ്പെടെ പരിഗണിച്ച് ബലാത്സംഗക്കേസ് പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ വെട്ടിക്കുറച്ച് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ ജീവപര്യന്തം തടവാണ് കോടതി 12 വർഷമായി കുറച്ചത്. പ്രതിയുടെ പ്രായം, നീണ്ട തടവ്, മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഉപന്യാസ പരിപാടിയിൽ പങ്കെടുത്തത് ഉൾപ്പെടെയുള്ള ജയിലിലെ പരിഷ്കരണ ശ്രമങ്ങൾ എന്നിവ കണക്കിലെടുത്താണ് കോടതി തീരുമാനം.ജസ്റ്റിസ് സാരംഗ് കോട്വാൽ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ കുറച്ചത്. 2016ലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്കാണ് കോടതി ഇളവ് നൽകിയത്. സ്പെഷ്യൽ പോക്സോ കോടതിയുടെ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ചാണ് ശിക്ഷായിളവിന് ഇയാൾ അർഹനാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കോടതി ഇടപെടൽ.കുറ്റം ചെയ്യുമ്പോൾ 20 വയസായിരുന്നു പ്രതിയുടെ പ്രായം. മുൻക്രിമിനൽ റെക്കോർഡ് ഇല്ലാത്ത പ്രതി 2016 ഡിസംബർ മുതൽ ജയിലിലാണെന്നും കോവിഡ് കാലത്ത് പോലും പുറത്തിറങ്ങിയിരുന്നില്ലെന്നും കോടതി വിധിയിൽ പറയുന്നു.മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഉപന്യാസ മത്സരം ഉൾപ്പെടെ ജയിലിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് നേടിയ സർട്ടിഫിക്കറ്റുകളും കോടതി പരിഗണിച്ചു. ‘ഞങ്ങളുടെ അഭിപ്രായത്തിൽ പ്രതിക്ക് 12 വർഷത്തെ തടവ് മതിയാവും. കുറ്റവാളി ഇതിനകം ജയിലിൽ ചെലവഴിച്ച കാലയളവ് ഈ ശിക്ഷാ കാലാവധിയിൽ നിന്ന് കുറയ്ക്കും’- വിധിയിൽ വിശദമാക്കുന്നു.2016 ഡിസംബറിനാണ് കേസിനാസ്പദമായ സംഭവം. അ‍ഞ്ച് വയസുകാരിയായ പെൺകുട്ടി അയൽവീട്ടിൽ വെള്ളമെടുക്കാൻ പോയപ്പോൾ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പേടിച്ചരണ്ട പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയും അവർ പ്രതിയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നീട് എട്ടാം വയസിൽ പെൺകുട്ടി കോടതിയിൽ ഹാജരായി മൊഴി നൽകി. ഇരയായ പെൺകുട്ടിയുടെ മൊഴി വിശ്വസനീയവും സ്ഥിരതയുള്ളതുമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *