നഷ്ടപരിഹാരം വെറും തോന്നലുകൾക്ക് ആകരുത്’; മോഡലിന്റെ മുടി മുറിച്ച കേസിൽ 2 കോടിയുടെ വിധി തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: ആഡംബര ഹോട്ടലിലെ സലൂണിൽ മുടി മുറിച്ചത് ശരിയായില്ലെന്ന പരാതിയിൽ മോഡലിന് ലഭിച്ച രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം സുപ്രീം കോടതി വെട്ടിക്കുറച്ചു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ച വൻതുക റദ്ദാക്കിയ കോടതി, നഷ്ടപരിഹാരം 25 ലക്ഷം രൂപയായി നിശ്ചയിച്ചു.

കേവലം അനുമാനങ്ങളുടെയോ പരാതിക്കാരിയുടെ താല്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ കോടികൾ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, മനോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിലെ സലൂണിൽ 2018-ൽ മുടി മുറിക്കാൻ പോയ മോഡൽ ആഷ്ന റോയിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. തന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മുടി മുറിച്ചുവെന്നും ഇത് തന്റെ കരിയറിനെയും മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നുമായിരുന്നു ഹർജി.

രണ്ട് കോടി രൂപ പോലെ വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുമ്പോൾ അതിനെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്ന് കോടതി പറഞ്ഞു. മുടി മുറിച്ചത് മൂലം തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് തെളിയിക്കാൻ ഹാജരാക്കിയ രേഖകൾ ഫോട്ടോസ്റ്റാറ്റുകൾ മാത്രമാണെന്നും അവയുടെ ആധികാരികത തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാര തുക നിശ്ചയിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ പരാതിക്കാരിയുടെ വെറും തോന്നലുകൾക്കോ വാദങ്ങൾക്കോ അനുസരിച്ചാകരുത്. കമ്മീഷൻ വിധിയിൽ നഷ്ടം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ സേവനത്തിലെ കുറവ് കോടതി ശരിവെച്ചു. ഇതിനകം ഐടിസി മൗര്യ നിക്ഷേപിച്ച 25 ലക്ഷം രൂപ പരാതിക്കാരിക്ക് ലഭിക്കുമെന്നും അതിലപ്പുറം തുക നൽകാൻ ഹോട്ടലിന് ബാധ്യതയില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.

നേരത്തെ ഈ കേസിൽ രണ്ട് കോടി രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇതിനെതിരെ ഐടിസി ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏഴ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്

Leave a Reply

Your email address will not be published. Required fields are marked *