ദീപകിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ.ദീപക്കിന്റെ ഫോണ്‍ ,ലാപ്‌ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്‌ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.എന്നാല്‍, നടപടിക്രമങ്ങളെല്ലാം കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നുണ്ടെന്നും എന്തിനാണ് ഷിംജിതയെ കസ്റ്റഡിയില്‍ വെക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്റെ കുടുംബവും ആരോപിക്കുന്നു.ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച്‌ സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *