ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി.മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഓണ്‍ലൈനായാണ് തന്ത്രിക്കുവേണ്ടി ഹാജരായത്. കേസില്‍ പ്രോസിക്യൂഷന്റെ വാദം നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളില്‍ തന്ത്രിക്ക് യാതൊരുവിധ ഇടപെടല്‍ നടത്താൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സ്വർണ്ണക്കൊള്ളയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്ഐടിയുടെ കണ്ടെത്തലുകളെ പ്രതിഭാഗം ശക്തമായി എതിർത്തു.ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള ബന്ധമാണ് സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്ന എസ്ഐടിയുടെ വാദത്തെയും പ്രതിഭാഗം ചോദ്യം ചെയ്തു. അത്തരത്തില്‍ ഒരു ബന്ധം ഇവർ തമ്മില്‍ ഉണ്ടായിരുന്നെങ്കില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നില്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും, തന്ത്രിക്ക് പോറ്റിയെ ഉയർന്ന സ്ഥാനങ്ങളിലൊ തനിക്കൊപ്പമോ നിർത്താമായിരുന്നുവെന്നും ബി. രാമൻപിള്ള വാദിച്ചു.കേസില്‍ നാളെ പ്രോസിക്യൂഷൻ വാദം കൂടി കേട്ട ശേഷം ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി; പ്രോസിക്യൂഷൻ വാദം നാളെ
