ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ സാമ്ബത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ചുളള റിപ്പോർട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കും.തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തില്‍ ഉള്ള ബോർഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം തട്ടിയ കേസിലാണ് ക്ലർക്ക് സംഗീത് അറസ്റ്റിലായത്. 14 കോടി രൂപയാണ് തട്ടിയെടുത്തത്. സംഗീതിനിനായി വിജിലൻസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നെങ്കിലും സംഗീതിന് മാനസികരോഗം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡിയെ എതിർത്തു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചത്.ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡില്‍ നടന്ന 14 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പില്‍ ഒന്നാം പ്രതിയാണ് ലോട്ടറി വകുപ്പിലെ ക്ലർക്കായിരുന്ന കെ. സംഗീത്. ലോട്ടറി തൊഴിലാളികള്‍ അടച്ച അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടും സീലുകള്‍ ഉപയോഗിച്ചും വ്യാജ രേഖകള്‍ ചമച്ചുമാണ് സംഗീത് പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് തിരുവനന്തപുരം കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസില്‍ മാത്രം 45 സ്ഥല ഇടപാടുകള്‍ ഇവർ നടത്തിയിട്ടുണ്ട്.കൂടാതെ നിർമ്മാണ കമ്ബനികള്‍ ആരംഭിക്കാനും ആഡംബര വീടുകള്‍ പണിയാനും ഈ പണം ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പ് നടത്തിയ പണം കൊണ്ട് സംഗീതിന്റെ സുഹൃത്ത് അനില്‍ കണ്‍സ്‌ട്രേഷൻ കമ്ബനി ആരംഭിച്ചു. തട്ടിപ്പ് നടത്തിയ പണം അനില്‍ ഫികസഡ് ഡെപ്പോസിറ്റായി ഇട്ടു. ഇതില്‍ നിന്നും ഓവർ ഡ്രാഫ്റ്റെടുത്ത് സംഗീതിൻ്റെ സഹോദൻ സമ്ബത്തിന് നല്‍കുകയും ചെയ്തു. ഇതോടെ കേസില്‍ ദന്തല്‍ ഡോക്ടറായ സമ്ബത്ത് കേസില്‍ മൂന്നാം പ്രതിയായി.
ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ സാമ്പത്തിക ക്രമക്കേട്; ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ചുളള റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കും
