മതിയായ കാരണമില്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അവകാശ ലംഘനം; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അക്കൗണ്ട് ഉടമ പ്രതിയായതോ സംശയിക്കപ്പെടുന്നതോ ആയ കേസുകൾ ഇല്ലാത്ത സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം നടപടികൾ വ്യക്തിയുടെ ഉപജീവനാവകാശത്തെയും വ്യാപാര–വാണിജ്യ സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. കുറ്റകൃത്യത്തിൽ പങ്കില്ലാത്ത ഒരു സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വിവേചനരഹിതമായി മരവിപ്പിക്കുന്നത് അവരുടെ ദൈനംദിന വ്യാപാര പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുകയും, വ്യാപാര രംഗത്തെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത് ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്നും കോടതി ഓര്‍മ്മപ്പെടുത്തി.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും (SBI) എച്ച്‌ഡിഎഫ്‌സി ബാങ്കിലുമുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ “പുട്ട് ഓൺ ഹോൾഡ്” ചെയ്യാൻ കേന്ദ്ര സർക്കാരും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും നൽകിയ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ ഒരു ഉപഭോക്താവ് നൽകിയ വഞ്ചനാ കുറ്റം ആരോപിച്ചുള്ള പരാതിക്ക് തുടര്‍ച്ചയായാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടത്. 2025 മാർച്ചോടെ ഏകദേശം 80 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ തടഞ്ഞുവെച്ചിരുന്നു.ജനുവരി 16-ന് പുറപ്പെടുവിച്ച വിധിയിൽ, ഹർജിക്കാരനെതിരേ യാതൊരു പരാതിയുമില്ലെന്നും, കുറ്റകൃത്യത്തിൽ അവരുടെ പങ്കാളിത്തം തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ ഉടൻ ഡീഫ്രീസ് ചെയ്യാൻ SBI-ക്കും HDFC ബാങ്കിനും നിർദേശം നൽകണമെന്നും അന്വേഷണ ഏജൻസികളോട് കോടതി ഉത്തരവിട്ടു.കമ്പനിയുടെ അക്കൗണ്ടുകൾ തുടർച്ചയായി മരവിപ്പിച്ചതിനാൽ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിനും കഴിയാതെ സ്ഥാപനത്തിന്റെ പ്രവർത്തനം താറുമാറായതായും കോടതി നിരീക്ഷിച്ചു. “കുറ്റത്തിൽ പങ്കില്ലാത്ത അക്കൗണ്ട് ഉടമയ്‌ക്കെതിരെ അനിശ്ചിതവും കാരണമില്ലാത്തതുമായ അക്കൗണ്ട് മരവിപ്പിക്കൽ ശിക്ഷാനടപടിക്ക് തുല്യമാണ്” എന്നും കോടതി പറഞ്ഞു.ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(g) പ്രകാരമുള്ള വ്യാപാരം നടത്താനുള്ള അവകാശവും ആർട്ടിക്കിൾ 21 പ്രകാരമുള്ള ഉപജീവനാവകാശവും ഇത്തരം നടപടികൾ ലംഘിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകൾ ലഭിക്കുന്ന പക്ഷം, നിയമാനുസൃതമായി നടപടി സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *