ബാറ്റ് പിടിക്കാൻ അറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നിയന്ത്രിക്കേണ്ടത്, വിരമിച്ച കളിക്കാരെ ഏൽപ്പിക്കണം’: സുപ്രീം കോടതി

ക്രിക്കറ്റ് രംഗത്ത് ചർച്ചയായി സുപ്രീം കോടതി പരാമർശം. ബാറ്റ് എങ്ങനെ പിടിക്കുമെന്ന് പോലും അറിയാത്ത വ്യക്തികളല്ല ക്രിക്കറ്റ് അസോസിയേഷനുകൾ നയിക്കേണ്ടതെന്ന പരാമർശമാണ് ചർച്ചയാകുന്നത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതി പരാമർശം നടത്തിയത്. കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച സുപ്രീംകോടതി ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.ക്രിക്കറ്റ് നിലനിൽക്കുന്നത് താരങ്ങൾ ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികളോ അധികാരികളോ ഉള്ളതുകൊണ്ടല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ക്രിക്കറ്റ് നിലനിൽക്കുന്നത് ക്രിക്കറ്റ് താരങ്ങൾ ഉള്ളതുകൊണ്ടാണ്. അതുപോലെ ഹോക്കി അസോസിയേഷൻ അറിയപ്പെടുന്നത് ഹോക്കി താരങ്ങൾ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് അവര്‍ അർഹിക്കുന്ന ബഹുമാനം നൽകിയേ മതിയാകൂവെന്നും കോടതി പറഞ്ഞു. ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ജയ് ഷായെ ബിസിസിഐയുടെ തലപ്പത്ത് ഇരുത്തിയിരിക്കുന്നതും ഇതിന് പിന്നാലെ ചര്‍ച്ചയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *