അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്ക് കേരളാഹൈക്കോടതി വിധിച്ച ആറുവർഷത്തെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യത്തില്‍ വിശദവാദം കേള്‍ക്കാൻ സുപ്രീംകോടതി.എം വി നികേഷ്കുമാർ ഉന്നയിച്ച ആവശ്യത്തില്‍ വ്യാഴാഴ്ചതന്നെ സുപ്രീംകോടതി വിശദമായ വാദംകേള്‍ക്കും. 2016 ലെ തെരഞ്ഞെടുപ്പില്‍ കെ എം ഷാജി മതസ്പർധ വളർത്തുന്ന രീതിയിലുള്ള ലഘുലേഖകളും മറ്റും വിതരണം ചെയ്ത് വോട്ട് പിടിച്ചെന്ന ആരോപണം ശരിവച്ചാണ് ഹൈക്കോടതി 2018 നവംബറില്‍ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്.ഹർജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തു. എംഎല്‍എ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ലെന്നത് ഉള്‍പ്പടെയുള്ള ഉപാധികളോടെയായിരുന്നു സ്റ്റേ.2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് എം വി നികേഷ്കുമാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ചൂണ്ടിക്കാട്ടി.മതം,ജാതി അടിസ്ഥാനത്തില്‍ വോട്ട് തേടുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.123(3എ) വകുപ്പ് അനുസരിച്ച് മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതും സ്പർധയുണ്ടാക്കുന്നതുമായ നടപടികളില്‍ സ്ഥാനാർഥിയോ ഏജന്റോ സ്ഥാനാർഥിയുമായി ബന്ധമുള്ളവരോ ഏർപ്പെട്ടാല്‍ അത്തരം സ്ഥാനാർഥികളുടെ വിജയം റദ്ദാക്കുകയും അവർക്ക് പിന്നീട് മത്സരിക്കാൻ അയോഗ്യത ഏർപ്പെടുത്തുകയും ചെയ്യും.
കെ.എം. ഷാജിയുടെ അയോഗ്യത നടപ്പിലാക്കണം: എം.വി. നികേഷ് കുമാര്‍ സുപ്രീം കോടതിയില്‍
