തർക്കമുള്ള ഭോജ് ശാലയിൽ വെള്ളിയാഴ്ച സരസ്വതി പൂജയും ജുമാ നമസ്‌കാരവും നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ് ശാല-കമാൽ മൗല കോംപ്ലക്‌സിൽ സരസ്വതി പൂജയും വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും സമാധാനപരമായി നടത്താൻ സുപ്രീംകോടതിയുടെ അനുമതി. ജനുവരി 23-ന് വരുന്ന വസന്ത് പഞ്ചമിയുടെ പകൽ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് അനുമതി തേടി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് സമർപ്പിച്ച അപേക്ഷയിലാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശം നൽകിയത്.മുസ്ലീങ്ങൾക്ക് ഉച്ചയ്ക്ക് ഒരുമണി മുതൽ മൂന്നുമണി വരെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താം. നമസ്‌കാരത്തിനായി വരുന്ന മുസ്ലീം സമൂഹത്തിലെ വ്യക്തികളുടെ ഒരു ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന് നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇരുപക്ഷവും പരസ്പര ബഹുമാനം പാലിക്കണമെന്നും ക്രമസമാധാനം നിലനിർത്താൻ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കണമെന്നും ബെഞ്ച് അഭ്യർത്ഥിച്ചു.ഇന്ത്യൻ പുരാവസ്തു സർവേയുടെ സംരക്ഷണത്തിലുള്ള 11-ാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ് ശാലയെ ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തമായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദുക്കൾ ഇതിനെ സരസ്വതി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി കണക്കാക്കുന്നു. മുസ്ലീങ്ങൾ ഇതിനെ കമാൽ മൗല പള്ളിയായും കണക്കാക്കുന്നു.2003-ലെ കരാർ പ്രകാരം, ഭോജ് ശാല കോംപ്ലക്‌സിൽ ഹിന്ദുക്കൾ ചൊവ്വാഴ്ചകളിലാണ് പൂജ നടത്തുന്നത്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾ അവിടെ നമസ്‌കാരം നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *