ശബരിമല സ്വര്‍ണക്കൊള്ള കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തുന്നത്.സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ ഇത് നിഷേധിച്ച്‌ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും, ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ വ്യാപകമായ ഗൂഢാലോചന നടന്നുവെന്നുമാണ് എസ്‌ഐടിയുടെ നിലപാട്.ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നെങ്കിലും, ചോദ്യം ചെയ്യലിന് പൂര്‍ണമായും സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ എത്രത്തോളം സ്വര്‍ണം സംഘം തട്ടിയെടുത്തുവെന്നതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.അതേസമയം, അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഫയല്‍ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ ശ്രീകുമാര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *