ജഡ്ജിമാർ നിർഭയരായിരിക്കണം; വിധിയിലെ പിഴവുകളുടെ പേരിൽ ശിക്ഷാ നടപടികൾ പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജുഡീഷ്യറിയുടെ അടിത്തറ എന്നത് നിർഭയരായ ജഡ്ജിമാരാണെന്നും വിധിപ്രസ്താവനകളിലെ പിഴവുകളുടെ പേരിൽ അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കരുതെന്നും സുപ്രീംകോടതി.നീതിന്യായ നിർവ്വഹണത്തിൽ ജഡ്ജിമാർക്ക് സ്വതന്ത്രമായും സമ്മർദ്ദങ്ങളില്ലാതെയും പ്രവർത്തിക്കാൻ കഴിയണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഒരു ജഡ്ജി നിയമപരമായി തെറ്റായ ഒരു തീരുമാനമെടുത്തു എന്നതിന്റെ പേരിൽ മാത്രം അത് ദുരുദ്ദേശ്യപരമാണെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിധിയിലെ പിഴവുകൾ ഉയർന്ന കോടതികൾക്ക് തിരുത്താവുന്നതാണ്.എന്നാൽ അതിന്റെ പേരിൽ ജഡ്ജിക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴ്ക്കോടതികളിലെ ജഡ്ജിമാരുടെ കാര്യത്തിലാണ് ഇത്തരം സുരക്ഷ കൂടുതൽ അനിവാര്യമെന്ന് സുപ്രീം കോടതി പറഞ്ഞു.ഓരോ വിധി പുറപ്പെടുവിക്കുമ്പോഴും തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഒരു ജഡ്ജി ഭയപ്പെട്ടാൽ അത് നീതിനിർവ്വഹണത്തെ പ്രതികൂലമായി ബാധിക്കും. അഴിമതിയോ ബോധപൂർവ്വമായ ദുരുദ്ദേശ്യമോ തെളിവുകളോടെ കണ്ടെത്താത്ത പക്ഷം ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതികൾ തുനിയരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.ഗുജറാത്തിലെ ഒരു ജുഡീഷ്യൽ ഓഫീസർക്കെതിരായ നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. നീതിപീഠത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും സംരക്ഷിക്കാൻ ജഡ്ജിമാർക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *