സംവരണ വിഭാഗക്കാർക്ക് സുപ്രീം കോടതിയുടെ ചരിത്ര വിധി! ജനറൽ സീറ്റിലും ഇനി നിയമനം ലഭിക്കാം

ന്യൂഡൽഹി: പട്ടികജാതി (SC), പട്ടികവർഗ (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS) എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്, ജനറൽ കാറ്റഗറിയിലെ കട്ട്-ഓഫിനേക്കാൾ ഉയർന്ന മാർക്ക് ലഭിക്കുകയാണെങ്കിൽ അവർക്ക് ജനറൽ സീറ്റുകളിൽ നിയമനം നൽകാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി. രാജസ്ഥാൻ ഹൈക്കോടതിയുടെ ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് നൽകിയത്. ‘ഓപ്പൺ’ എന്നാൽ അത് എല്ലാവർക്കുമായി തുറന്നതാണ് എന്നും, അതിൽ മെറിറ്റ് മാത്രമാണ് മാനദണ്ഡമെന്നും കോടതി ഊന്നിപ്പറഞ്ഞു.സംവരണ വിഭാഗത്തിൽപ്പെട്ട ഒരാൾ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് പൊതുവിഭാഗത്തിലെ അവസാന ഉദ്യോഗാർത്ഥിയേക്കാൾ കൂടുതൽ മാർക്ക് നേടുകയാണെങ്കിൽ, ആ ഉദ്യോഗാർത്ഥിയെ സംവരണ സീറ്റിൽ മാത്രം ഒതുക്കി നിർത്തുന്നത് നീതിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ജനറൽ കാറ്റഗറി എന്നത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി സംവരണം ചെയ്തിട്ടുള്ള ഒന്നല്ല. അത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആർക്കും പ്രവേശിക്കാവുന്ന ഒരു പൊതുയിടമാണ്. രാജസ്ഥാൻ ഹൈക്കോടതിയുടെ വാദമായിരുന്ന ‘ഇരട്ട ആനുകൂല്യം’ എന്ന വാദത്തെ സുപ്രീം കോടതി പൂർണമായും തള്ളിമെറിറ്റിന്റെ അടിസ്ഥാനത്തിൽ ജനറൽ സീറ്റ് നേടുന്നത് സംവരണ ആനുകൂല്യമായി കാണാനാവില്ലെന്നും, അത് ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *