തിരുവനന്തപുരം: സംവിധായിക നല്‍കിയ ലൈംഗികാതിക്രമക്കേസിൽ, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്.അതേസമയം, സംവിധായകന്റെ അതിക്രമം പരാതിക്കാരിയെ വല്ലാതെ തളര്‍ത്തിയെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി നല്‍കിയത്. രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംവിധായികയുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു
ലൈംഗികാതിക്രമ പരാതി; പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം
