ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ ഖനനം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ഈ നിർദ്ദേശം നല്‍കിയത്.അടുത്ത രണ്ടു മാസത്തിനകം സമിതി രൂപീകരിക്കണം. ആലപ്പുഴ ജില്ലാ കളക്ടർക്കായിരിക്കും സമിതിയുടെ നേതൃത്വം. ജലസേചന വകുപ്പ്, വനം വന്യജീവി വകുപ്പ്, തീരദേശ പരിപാലന അതോറിറ്റി എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകണം. പുറക്കാട്, തകഴി ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികളെയും പരിസ്ഥിതി വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ഒരു എൻ.ജി.ഒ പ്രവർത്തകനെയും സമിതിയില്‍ ഉള്‍പ്പെടുത്തണം. മണല്‍ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ സമിതി വിശദമായി പരിശോധിക്കണം.മണല്‍ ഖനനം തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഈ വിദഗ്ധ സമിതി സമർപ്പിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സർക്കാർ തീരുമാനമെടുക്കാവൂ എന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് വേണ്ടി അഡ്വ. ലിജു വി. സ്റ്റീഫൻ കോടതിയില്‍ ഹാജരായി.
തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ ഖനനം: പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്
