കൊച്ചി: എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാൽ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി പറഞ്ഞു. ബ്രൂവറി അനുവദിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ, വിശദമായ പഠനം നടത്താതെ പ്രാഥമികാനുമതി നൽകിയത് ശരിയല്ലെന്ന് കോടതി പറഞ്ഞു. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.മലിനീകരണപ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷവും പദ്ധതിയ്ക്കെതിരേ രംഗത്തെത്തിയിരുന്നെങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു.എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത്.മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നത്. ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്നായിരുന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നത്.
സർക്കാരിന് തിരിച്ചടി; എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി
