കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതി നടപടികളിൽ ‘എന്തോ തെറ്റ്’ സംഭവിച്ചിട്ടുണ്ട്: സുപ്രീം കോടതി

ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തം ഉൾപ്പെടെയുള്ള കേസുകളിൽ വാദം കേൾക്കുന്നതിലും കേസ് ലിസ്റ്റ് ചെയ്യുന്നതിലും മദ്രാസ് ഹൈക്കോടതിക്ക് ‘എന്തോ തെറ്റ്’ സംഭവിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി. വിഷയത്തിൽ കോടതിയുടെ മറുപടി ആരാഞ്ഞിട്ടുണ്ടെന്നും സുപ്രീം കോടതി വ്യാഴാഴ്‌ച പറഞ്ഞു.കരൂരിൽ ടി.വി.കെ പാർട്ടിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി സംശയം പ്രകടിപ്പിച്ചത്.‘ഹൈക്കോടതിയിൽ എന്തോ ഒരു കാര്യം തെറ്റായി നടക്കുന്നുണ്ട്. ഹൈക്കോടതിയിൽ സംഭവിക്കുന്നത് ശരിയായ കാര്യമല്ല.വിഷയത്തിൽ കോടതി രജിസ്ട്രാർ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്, നമുക്ക് നോക്കാം, കോടതി പറഞ്ഞു.മധുര ബെഞ്ചിന്റെ കീഴിൽ വരുന്ന കരൂരിലെ ഒരു കേസ് എങ്ങനെയാണ് ചെന്നൈ ബെഞ്ച് പരിഗണിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു.തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക അന്വേഷണസംഘത്തെ എങ്ങനെയാണ് രൂപീകരിച്ചത്? അതേദിവസം തന്നെ മധുര ബെഞ്ച് കേസ് കേന്ദ്ര ഏജൻസിയായ സി.ബി.ഐയ്ക്ക് കൈമാറുന്നത് വിസമ്മതിച്ചു.എങ്ങനെയാണ് ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളിൽ നിന്ന് പരസ്പര വിരുദ്ധമായ ഉത്തരവുണ്ടായത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സുപ്രീംകോടതി ഉത്തരം തേടിയിരിക്കുന്നത്.മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമർശം. ഒക്ടോബറിലാണ് കോടതി രജിസ്ട്രാറുടെ റിപ്പോർട്ട് തേടിയത്. കേസിലെ കക്ഷികൾക്ക് റിപ്പോർട്ട് കൈമാറണമെന്നും പരമോന്നത കോടതി നിർദേശിച്ചു.കമ്മീഷന്റെ പ്രവർത്തനത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയിൽ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *