തിരുപ്പരങ്കുണ്ട്രം ക്ഷേത്രവിളക്ക് കേസിലെ ഉത്തരവ്; ജഡ്ജിയെ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിനൊരുങ്ങി ഡി.എം.കെ

തിരുപ്പറന്‍ കുണ്ട്രത്തില്‍ കാര്‍ത്തികദീപം തെളിക്കാന്‍ ഉത്തരവിട്ട മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ജി.ആര്‍.സ്വാമിനാഥനെതിരേ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിനൊരുങ്ങി ഭരണപക്ഷമായ ഡി.എം.കെ. ഉത്തരവ്‌ തമിഴ്‌നാടിനെ വലിയ നിയമ-രാഷ്‌ട്രീയ വിവാദങ്ങളിലേക്കു തള്ളിവിട്ട സാഹചര്യത്തിലാണു നീക്കം.തിരുപ്പറന്‍ കുണ്ട്രം മലനിരയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്‌ക്കു സമീപമുള്ള ദീപസ്‌തംഭത്തില്‍ കാര്‍ത്തികവിളക്ക്‌ കൊളുത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്‌. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവ്‌ നടപ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന്‌ ഹിന്ദു അനുകൂല ഗ്രൂപ്പുകളും പോലീസുമായി സംഘര്‍ഷമുണ്ടായിരുന്നു.ജസ്‌റ്റിസ്‌ സ്വാമിനാഥന്റെ ഉത്തരവ്‌ 2017-ലെ ഡിവിഷന്‍ ബെഞ്ച്‌ വിധിന്യായത്തിനു വിരുദ്ധമാണെന്നാണ്‌ ഡി.എം.കെയുടെ വാദം. നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ വലിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ ഇതു കാരണമാകുമെന്നും അവര്‍ പറയുന്നു. വിഷയം ദേശീയതലത്തില്‍ പൊട്ടിത്തെറിയായി വളര്‍ന്നതോടെ പാര്‍ലമെന്റിലും പ്രതിഫലനമുണ്ടായി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലേക്കും എത്തി.ദീപസ്‌തംഭത്തില്‍ വിളക്കുകൊളുത്താന്‍ അനുമതി തേടിയുള്ള നാലു ഹര്‍ജികള്‍ തമിഴ്‌നാട്‌ ഹൈക്കോടതിയില്‍ എത്തിയതോടെയാണ്‌ പുതിയ സംഭവവികാസങ്ങളുടെ തുടക്കം. കാര്‍ത്തിക നാളായ ഡിസംബര്‍ നാലിനു വൈകിട്ടു വിളക്കു തെളിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം ദീപസ്‌തംഭം സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്‌ക്കു സമീപമായതിനാല്‍ ഇതു സാധ്യമല്ലെന്ന്‌ ദര്‍ഗയുമായി ബന്ധപ്പെട്ടവര്‍ വാദിച്ചു. മലനിലയിലെ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപമുള്ള ദീപമണ്ഡപത്തിലാണു സാധാരണ കാര്‍ത്തികദീപം കൊളുത്താറുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജസ്‌റ്റിസ്‌ ജി.ആര്‍. സ്വാമിനാഥന്‍ ഈ എതിപ്പുകളെ നിരസിക്കുകയും ദീപസ്‌തംഭത്തില്‍ വിളക്ക്‌ കൊളുത്താമെന്ന്‌ ഉത്തരവിടുകയുമായിരുന്നു.ദീപസ്‌തംഭത്തില്‍ വിളക്ക്‌ കൊളുത്തുന്നത്‌ ദര്‍ഗയുടെയോ മുസ്ലിംകളുടെയോ അവകാശങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അനുമതി നിഷേധിക്കുന്നത്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ അവകാശങ്ങള്‍ക്കു വിരുദ്ധമാകുമെന്നും കോടതി വ്യക്‌തമാക്കി. മലയുടെ ഉടമസ്‌ഥാവകാശം ആര്‍ക്കാണെന്ന്‌ 1923 ലെ കോടതിവിധി വ്യക്‌തമാക്കിയിട്ടുണ്ട്‌. നിലവിലെ സ്‌ഥിതി മാറ്റിമറിക്കാതിരിക്കാന്‍ പള്ളി ട്രസ്‌റ്റികളെ അതു പ്രേരിപ്പിച്ചില്ല. പ്രദേശത്തെ മലമുകളിലുള്ള ഭാഗത്ത്‌ ക്ഷേത്രത്തിന്റെ അവകാശം ഉറപ്പിക്കേണ്ടതുണ്ട്‌. ക്ഷേത്രസ്വത്ത്‌ കൈയേറാനുള്ള ശ്രമങ്ങള്‍ക്കെതിരേ ക്ഷേത്രമാനേജ്‌മെന്റ്‌ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി. അതേസമയം ഉത്തരവ്‌ നടപ്പാക്കിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നായിരുന്നു തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിലപാട്‌.കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്ര അധികൃതര്‍ വിളക്ക്‌ കൊളുത്താതിരുന്നത്‌ വന്‍ വിവാദത്തിനാണു വഴിതെളിച്ചത്‌. ഹിന്ദുസംഘങ്ങളുടെ മേല്‍നോട്ടത്തില്‍ നിരവധി ആളുകള്‍ ക്ഷേത്രത്തിനു മുന്നില്‍ തടിച്ചുകൂടി. അവരില്‍ ചിലര്‍ കുന്നിന്‍മുകളിലേക്കു കയറാന്‍ ശ്രമിക്കുകയും പോലീസുമായി സംഘര്‍ഷമുണ്ടാകുകയും ചെയ്‌തു. ഇതേത്തുടര്‍ന്നാണ്‌ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *