വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ലെന്ന് സുപ്രീംകോടതി. നമ്മള് ഒരു രാജ്യമാണെന്നും ജനങ്ങള്‍ സൗഹാർദത്തോടെ കഴിയുന്ന രാജ്യത്ത് അതംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.മുണ്ട് ധരിച്ച മലയാളി വിദ്യാർഥികള്‍ക്കുനേരേ ഡല്‍ഹിയില്‍ വിവേചനമുണ്ടായതായുള്ള വാർത്തകള്‍ വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നുള്ളവർക്ക് നേരേ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച 2015-ലെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വംശീയവിവേചനങ്ങള്‍ തടയാൻ കർശന നടപടിയെടുക്കാൻ അധികാരം നല്കി നിരീക്ഷണ സമിതിയുണ്ടാക്കാൻ കേന്ദ്രത്തോട് കോടതി നേരത്തേ നിർദേശിച്ചിരുന്നു.സമിതിയുണ്ടാക്കിയെന്ന് കേന്ദ്രത്തിനുവേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ അറിയിച്ചു. എന്നാല്‍, വിവേചനം തുടരുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അപ്പോഴാണ്, മുണ്ടുടുത്തതിന്റെ പേരില്‍ മലയാളികള്‍ക്ക് വിവേചനം നേരിട്ടെന്ന വാർത്ത ഈയടുത്തും പത്രത്തില്‍ വായിച്ചെന്ന് ബെഞ്ച് പറഞ്ഞത്.സെപ്റ്റംബർ 24-നാണ് മുണ്ടുടുത്തതിനും ഹിന്ദി സംസാരിക്കാത്തതിനും ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് ഡല്‍ഹി സാക്കിർ ഹുസൈൻ കോളേജിലെ രണ്ട് മലയാളി വിദ്യാർഥികള്‍ക്ക് മർദനമേറ്റത്. ആദ്യം നാട്ടുകാരും പിന്നീട് പോലീസും മർദിച്ചെന്നാണ് പരാതി.
മുണ്ട് ധരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്കുനേരേ ഡല്‍ഹിയിലുണ്ടായ ആക്രമണം; വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ലെന്ന് സുപ്രീംകോടതി
