2002 ലെ വർഗീയ കലാപക്കേസില്‍ പ്രതികളായ മൂന്ന് പേരെ പരാതിക്കാരനും പ്രൊസിക്യൂഷനും തെളിവുകള്‍ ഹാജരാക്കത്തതിനെ തുടർന്ന് വെറുതെവിട്ടു.എകെ-47 തോക്ക് കൈവശം വെച്ചതടക്കമുള്ള വീഡിയോഗ്രാഫിക് തെളിവ് കൈവശമുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരൻ, വിചാരണക്കിടെ തെളിവ് ഹാജരാക്കിയില്ല. വീഡിയോഗ്രാഫർ തന്റെ മൊഴി പിൻവലിക്കുകയും ടേപ്പ് കാണാനില്ലെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികളെ അഹമ്മദാബാദ് കോടതി മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയത്. ആലംഗിരി ഷെയ്ഖ്, ഇംതിയാസ് ഷെയ്ഖ്, റൗഫ്മിയ സയ്യിദ് എന്നിവരെയാണ് വെറുതെ വിട്ടത്. വിചാരണക്കിടെ ഹനീഫ് ഷെയ്ഖ് മരിച്ചിരുന്നു.വർഗീയ കലാപത്തിനിടെ പ്രതികള്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് വീഡിയോഗ്രാഫർ സതീഷ് ദല്‍വാഡി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവർക്കുമെതിരെ കേസെടുത്തത്. എന്നാല്‍ വിചാരണ വേളയില്‍ പരാതിക്കാരൻ വീഡിയോ ടേപ്പ് ഒരിക്കലും കോടതിയില്‍ ഹാജരാക്കിയില്ല. വീഡിയോഗ്രാഫർ പ്രോസിക്യൂഷന്റെ കേസിനെ പിന്തുണക്കുകയും ചെയ്തില്ല. 2002 ഏപ്രില്‍ 14 ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് ദരിയാപൂർ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുമായി ബന്ധപ്പെട്ടതാണ് കേസ്.ആലംഗിരി ഷെയ്ഖ്, ഹനീഫ് ഷെയ്ഖ്, ഇംതിയാസ് ഷെയ്ഖ്, റൗഫ്മിയ സയ്യിദ് തുടങ്ങിയവർക്ക് അക്രമത്തില്‍ പങ്കുണ്ടെന്നും തെളിവായി വിഎച്ച്എസ് കാസറ്റ് തന്റെ പക്കലുണ്ടെന്നും കാണിച്ച് സതീഷ് പരാതി സമർപ്പിച്ചതിനെ തുടർന്നാണ് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തത്. വർഗീയ അക്രമ സംഭവങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്താൻ അന്നത്തെ ദരിയാപൂർ പോലീസ് ഇൻസ്പെക്ടർ ആർഎച്ച് റാത്തോഡ് ഏരിയ സമാധാന സമിതി അംഗമായ സതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തെത്തുടർന്ന്, ഇംതിയാസ് എകെ-47 പോലെയുള്ള ഒരു ഓട്ടോമാറ്റിക് തോക്ക് കൈവശം വച്ചിരുന്നുവെന്നും, ഒരു അജ്ഞാത വ്യക്തി റിവോള്‍വർ കൈവശം വച്ചിരുന്നുവെന്നും, രണ്ടും ഹിന്ദു സമുദായത്തിലെ അംഗങ്ങളെ ലക്ഷ്യം വച്ചാണെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ചു.ദല്വാഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരവും ഐപിസി പ്രകാരവും കുറ്റം ചുമത്തി. 23 വർഷത്തിനിടയില്‍, പ്രതികളിലൊരാളായ ഹനീഫ് ഷെയ്ഖും, അന്വേഷണ ഉദ്യോഗസ്ഥൻ ഉള്‍പ്പെടെയുള്ള ചില സാക്ഷികളും മരിച്ചു. നിരവധി സാക്ഷികള്‍ കൂറുമാറി. ഒരു റസ്റ്റോറന്റില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്ബോള് തന്റെ ഒപ്പ് എടുത്തതായി ഒരാള്‍ കോടതിയില്‍ പറഞ്ഞു. പരാതിക്കാരനും വീഡിയോഗ്രാഫറുമായ സതീഷ്, താൻ എന്താണ് റെക്കോർഡ് ചെയ്തതെന്ന് കൃത്യമായി അറിയില്ലെന്ന് പറഞ്ഞു. ഒരു പൊലീസ് സബ് ഇൻസ്പെക്ടർ എച്ച്.എച്ച്. ചൗഹാനും കൂറുമാറി.നടപടിക്രമങ്ങള്‍ക്കിടെ വീഡിയോ കാസറ്റ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ ഒരു ആയുധവും കണ്ടെടുത്തിട്ടില്ല, കൂടാതെ കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന വാക്കാലുള്ളതോ രേഖാമൂലമോ ആയ തെളിവുകളൊന്നും പ്രൊസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരൻ വീഡിയോ ടേപ്പ് ഹാജരാക്കിയില്ല; ഗുജറാത്ത് കലാപത്തില്‍ പ്രതികളായ മൂന്ന് പേരെ 23 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു
