സോനം വാങ്ചുകിൻ്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രസര്‍ക്കാറിനും ലഡാക് ഭരണകൂടത്തിനും സുപ്രീം കോടതി നോട്ടീസ്

Oplus_16908288

ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്മോ നല്‍കിയ ഹെബിയസ് കോർപ്‌സ് ഹർജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.കേന്ദ്ര സർക്കാർ, ലഡാക്ക് ഭരണകൂടം, രാജസ്ഥാൻ സർക്കാർ എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻവി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹർജി വീണ്ടും പരിഗണിക്കും.വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അയക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസർക്കാരിനോട് ചോദിച്ചു. വാങ് ചുക്കിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജയില്‍ നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ലഡാക്കില്‍ സമാധാനം ഉറപ്പിക്കാൻ അനുനയ നീക്കങ്ങള്‍ കേന്ദ്രസർക്കാർ തുടരുകയാണ്. വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ചയിലേക്ക് കടക്കില്ല എന്നുള്ളതാണ് ലേ അപ്പക്സ് ബോഡി, കാർഗില്‍ ഡെമോക്രാറ്റിക് അലൈൻസ് എന്നിവരുടെ നിലപാട്.സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നിരാഹാര സമരം നയിക്കുകയായിരുന്നു സോനം വാങ്ചുക്. ലഡാക്കില്‍ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായ ഇദ്ദേഹത്തെ ലഡാക്കിലെ പ്രതിഷേധം സംഘർഷത്തില്‍ കലാശിച്ചതിന് പിന്നാലെ സെപ്തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തില്‍ 90 പേർക്ക് പരിക്കേറ്റിരുന്നു.കസ്റ്റഡിയിലെടുത്ത ശേഷം സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്‌പൂരിലുള്ള സെൻട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് ഇദ്ദേഹത്തെ കാണാൻ സാധിക്കാത്ത വിധത്തിലും ഇദ്ദേഹത്തിൻ്റെ മരുന്നടക്കമുള്ള സാധനങ്ങള്‍ ഇല്ലാതെയുമായിരുന്നു മാറ്റം. ഈ നടപടി നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും മൗലികാവകാശങ്ങള്‍ ലംഘിച്ചുവെന്നും കാട്ടിയാണ് ഭാര്യ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ കേസിലെ വാദിക്കാരിയായ ഇവർ കോടതി മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. മുതിർന്ന അഭിഭാഷകരായ കപില്‍ സിബല്‍, വിവേക് തൻഖ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സോളിസിറ്റർ ജനറലാണ് കേസില്‍ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *