സര്‍ക്കാരിനെതിരെ വക്കീലില്ലാതെ സ്വയം വാദിച്ച്‌ 45 ലക്ഷം രൂപ നേടിയെടുത്ത് യുവതി, മൂന്ന് വര്‍ഷം നടത്തിച്ചതിന് പുതിയ ഹര്‍ജി

Oplus_16908288

വനംവകുപ്പിന്റെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ സ്വയം വാദിച്ച്‌ കൃഷിഭൂമിയുടെ നഷ്ടപരിഹാരമായ 45 ലക്ഷം രൂപയും നേടിയെടുത്ത് കോതമംഗലം തൃക്കാരിയൂർ പൈനാടത്ത് മേയ്മോള്‍ പി.ഡേവിസ്.റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വിട്ടുകൊടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരമാണിത്. ഒന്നര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് മേയ്മോളുടെ (35) വിജയം.നേരത്തെ വനംവകുപ്പ് 22.5 ലക്ഷം കൈമാറിയിരുന്നു. എല്ലാ നടപടികളും പൂർത്തിയാക്കി ശേഷിക്കുന്ന തുകയും കഴിഞ്ഞദിവസം മേയ്മോളുടെ അക്കൗണ്ടിലെത്തി. ക്യാൻസർ രോഗിയായ മാതാവ് മോളിയും മേയ്മോളും താമസിച്ചിരുന്ന വീടും പറമ്ബും വന്യമൃഗശല്യം കാരണം വനംവകുപ്പിന് കൈമാറിയതിന്റെ നഷ്ടപരിഹാരത്തിന് വേണ്ടിയായിരുന്നു പോരാട്ടം.2018ല്‍ സർക്കാർ പ്രഖ്യാപിച്ച ആർ.കെ.ഡി.പി സ്കീമില്‍ ഭൂമി വിട്ടുകൊടുത്ത മേയ്‌ക്കപ്പാല, തൃക്കാരിയൂ‌ർ പ്രദേശത്തെ 155 കർഷകരില്‍ ഒരാളാണ് മോളി. അപേക്ഷകർ കൂടിയപ്പോള്‍ വനംവകുപ്പ് മെല്ലെപ്പോക്ക് ആരംഭിച്ചു. തുടർന്നാണ് ലഭിക്കേണ്ടിയിരുന്ന 45 ലക്ഷം രൂപയ്ക്കുവേണ്ടി വക്കീല്‍ ഇല്ലാതെ മേയ്മോള്‍ കോടതിയില്‍ സ്വയം വാദിച്ചത്. നിയമബിരുദമില്ലെങ്കിലും ഇരട്ട ബിരുദാനന്തര ബിരുദവും സാമാന്യബോധവും യുക്തിചിന്തയും ആവോളമുള്ള മേയ്മോള്‍ക്കു മുമ്ബില്‍ വനംവകുപ്പിന്റെ മറുവാദങ്ങളൊന്നും വിലപ്പോയില്ല.ഹാജരായത് 48 തവണറിട്ട് ഹർജിയും അപ്പീലും കോടതിയലക്ഷ്യ ഹർജികളുമൊക്കെയായി സിംഗിള്‍ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും 48 തവണയാണ് മേയ്മോള്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഒൻപത് ജഡ്ജിമാർ വിവിധഘട്ടങ്ങളില്‍ വാദം കേട്ടു. ഒന്നരവർഷം അനാവശ്യമായ വ്യവഹാരങ്ങളിലേക്ക് വലിച്ചിഴച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍, നഷ്ടപരിഹാരത്തുക, വൈകിയ കാലത്തെ പലിശ എന്നിവയ്ക്കായി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് മേയ്മോള്‍ വനംവകുപ്പിനെതിരെ നല്‍കിയ പുതിയ ഹർജി 30ന് ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *