ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഉപേക്ഷിച്ച കേസ്: നടിയുടെ അറസ്റ്റ് തടഞ്ഞ് കോടതി

Oplus_16908288

ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഉപേക്ഷിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് സെപ്റ്റംബർ 17 വരെ നടിയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞത്. കേസ് അതേദിവസം വീണ്ടും പരിഗണിക്കും. അറസ്റ്റ് ഭയന്ന നടി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസില്‍ മൂന്നാം പ്രതിയാണ് നടി ലക്ഷ്മി മേനോൻ. എറണാകുളം സ്വദേശിനിയായ ഇവർ ഒളിവിലാണ്. കൂട്ടുപ്രതികളായ പറവൂർ വെടിമറ സ്വദേശി മിഥുൻ, ഗോതുരുത്ത് സ്വദേശി അനീഷ്, കുട്ടനാട് സ്വദേശിനി സോന എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് നടി ലക്ഷ്മി മേനോനും ഒപ്പമുണ്ടായെന്ന് അറിഞ്ഞത്.പരാതിക്കാരൻ നല്‍കിയ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ നടിയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. കാറില്‍ ഇരിക്കുന്ന യുവാവിനോട് സോന എന്ന യുവതി തർക്കിക്കുന്നതും നടി ലക്ഷ്മി വാഹനം തടയുന്നതും ദൃശ്യത്തിലുണ്ട്.ആലുവ സ്വദേശി അലിയാർ ഷായെയാണ് ഞായറാഴ്ച രാത്രി നടിയുള്‍പ്പെടുന്ന നാലംഗ സംഘം കടത്തിക്കൊണ്ടുപോയത്. ബാറില്‍വെച്ച്‌ അലിയാർ ഷായും കൂട്ടുകാരും ഉള്‍പ്പെടുന്ന സംഘം നടിയടക്കമുള്ള പ്രതികളുമായി തർക്കമുണ്ടായി. പിന്നീട് അലിയാർ ഷാ ബാറില്‍നിന്ന് മടങ്ങുംവഴി നടിയും സംഘവും പിന്തുടർന്ന് എറണാകുളം നോർത്ത് പാലത്തിനടുത്തുെവച്ച്‌ തടഞ്ഞുനിർത്തി. പിന്നീട് കാറില്‍നിന്ന് വലിച്ചിറക്കി യുവാവിനെ കടത്തിക്കൊണ്ടുപോയി. കാറില്‍ വെച്ച്‌ മർദിച്ചെന്നാണ് പരാതി. പറവൂർ വഴി ആലുവയ്ക്ക് പോയ സംഘം പരാതിക്കാരനെ പറവൂർ കവലയില്‍ ഇറക്കിവിട്ടു.തിങ്കളാഴ്ച യുവാവ് എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുമ്ബോഴാണ് സംഭവം പോലീസ് അറിയുന്നത്. കാറിന്റെ നമ്ബർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മിഥുനെയും അനീഷിനെയും സോനയെയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *