രജിസ്റ്റർ ചെയ്യാത്ത സൊസൈറ്റികളെയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ‘നിർമ്മിത ട്രസ്റ്റ്’ (constructive trust) ആയി കണക്കാക്കി സിവില്‍ നടപടി ചട്ടം (CPC) സെക്ഷൻ 92 പ്രകാരം കേസെടുക്കാൻ കഴിയുമെന്ന് സുപ്രീം കോടതി.സൊസൈറ്റികള്‍ ട്രസ്റ്റുകളായി രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും, അവയുടെ സ്വത്തുക്കളോ ഫണ്ടുകളോ പൊതു ധർമ്മപരമായോ മതപരമായോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കില്‍, അവയെ ‘പൊതു ട്രസ്റ്റ്’ ആയി പരിഗണിക്കാം.ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഓപ്പറേഷൻ ആശ (Operation Asha) v. ഷെല്ലി ബത്ര & മറ്റ്വർ (Shelly Batra & Ors.) കേസില്‍ ഈ നിർണായക വിധി പുറപ്പെടുവിച്ചത്.ഒരു സൊസൈറ്റിയുടെ സ്വത്ത് പൊതുജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും, അതിന്റെ ഭരണപരമായ കാര്യങ്ങള്‍, ഭാരവാഹികളെ നീക്കം ചെയ്യല്‍, പുതിയ ഭരണപദ്ധതി രൂപീകരിക്കല്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികളിലാണ് സെക്ഷൻ 92 പ്രകാരം കേസെടുക്കാൻ കഴിയുകയെന്നും കോടതി വ്യക്തമാക്കി.ഈ വിധി, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി രൂപീകരിച്ച സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, സ്വകാര്യ തർക്കങ്ങള്‍ പരിഹരിക്കാൻ സെക്ഷൻ 92 ഉപയോഗിക്കരുതെന്നും കോടതി ഊന്നിപ്പറഞ്ഞു.
പൊതു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യാത്ത സൊസൈറ്റികള്‍ക്കെതിരെയും കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി
