എരുമേലി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡ് സ്ഥലം ഒഴിയാൻ കോടതി ഉത്തരവ്

Oplus_16908288

കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് ഒഴിയാൻ പാലാ സബ് കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്നാണ് ഉത്തരവ്.ഇതോടെ സ്ഥലത്തിനു വാടക വാങ്ങിക്കൊണ്ടിരുന്ന ദേവസ്വം ബോർഡും സ്ഥലം കൈവശംവച്ചിരിക്കുന്ന കെഎസ്‌ആർടിസിയും സ്ഥലത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കെട്ടിടം നിർമിച്ചു കൊടുത്ത എരുമേലി പഞ്ചായത്തും വെട്ടിലായിരിക്കുകയാണ്.

11ന് യോഗം:വിഷയം ചർച്ചചെയ്യാൻ 11ന് രാവിലെ പത്തിന് എരുമേലി പഞ്ചായത്ത്‌ കോണ്‍ഫറൻസ് ഹാളില്‍ യോഗം ചേരുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു. കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള നിയമനടപടികള്‍ സംബന്ധിച്ച്‌ യോഗം ചർച്ച ചെയ്യും.

ഉടമ സ്വകാര്യവ്യക്തി:സ്ഥലത്തിന്‍റെ യഥാർഥ ഉടമ എരുമേലി വികസന സമിതി മുൻ പ്രസിഡന്‍റും പരേതനുമായ അഡ്വ. പി.ആർ. രാജഗോപാല്‍ ആണെന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ ഗോപി രാജഗോപാല്‍ തെളിവുകള്‍ ഹാജരാക്കി കോടതിയില്‍ നല്‍കിയ ഹർജിയില്‍ ദേവസ്വം ബോർഡ്, കെഎസ്‌ആർടിസി അധികൃതർ എന്നിവരുടെ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം സ്ഥലം ഒഴിഞ്ഞ് രാജഗോപാലിന്‍റെ ഭാര്യക്ക് വിട്ടുകൊടുക്കാനാണ് ഉത്തരവ്.1977 ല്‍ തന്‍റെ ഭർത്താവ് 50 സെന്‍റ് സ്ഥലം കെഎസ്‌ആർടിസി ക്ക് വാക്കാല്‍ അനുവദിച്ചതാണെന്നും ഇതിനു രേഖ നല്‍കിയിട്ടില്ലന്നും എരുമേലിയില്‍ ശബരിമല സീസണിലെ തിരക്കു പരിഹരിക്കാൻവേണ്ടി കെഎസ്‌ആർടിസി ബസുകള്‍ പാർക്ക് ചെയ്യുന്നതിന് താത്കാലിക സൗകര്യം എന്ന നിലയിലാണ് പൊതു പ്രവർത്തകൻ എന്ന നിലയില്‍ അദ്ദേഹം തന്‍റെ സ്ഥലം നല്‍കിയതെന്നും എന്നാല്‍, പല തവണ തിരികെ സ്ഥലം ആവശ്യപ്പെട്ടിട്ടും വിട്ടുകിട്ടിയില്ല എന്നും ഗോപി രാജഗോപാല്‍ കോടതിയില്‍ അറിയിച്ചു.അതേസമയം ഈ സ്ഥലം തങ്ങള്‍ക്കു പാട്ടവാടക ആയി തിരുവിതാംകൂർ ദേവസ്വം ബോർഡാണ് നല്‍കിയതെന്നും വർഷം തോറും ആയിരം രൂപ വീതം പാട്ടത്തുക നല്‍കുന്നുണ്ടെന്നും ഇതിന് 2029 വരെ കാലാവധി ഉണ്ടെന്നും കെഎസ്‌ആർടിസി അധികൃതർ കോടതിയില്‍ അറിയിച്ചു. എന്നാല്‍, സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. ഇതു മുൻനിർത്തിയാണ് സ്ഥലം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *