എൻഐഎ കേസുകളില്‍ വേഗത്തിലുള്ള വിചാരണക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക കോടതികള്‍ സ്ഥാപിച്ചില്ലെങ്കില്‍ വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് സുപ്രീം കോടതി.നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എംസിഒസിഎ) തുടങ്ങിയ നിയമങ്ങള്‍ പ്രകാരമുള്ള കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഫലപ്രദമായ സംവിധാനമില്ലെങ്കില്‍ പ്രതികളെന്ന സംശയത്തിന്റെ പേരില്‍ എത്രകാലം കസ്റ്റഡിയില്‍വെക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബഗ്ചി എന്നിവരുടെ ബെഞ്ച് ചോദിച്ചു. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ പരാജയപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ പ്രതികളുടെ ജാമ്യാപേക്ഷകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കും. ഇത് അവസാന അവസരമാണെന്നും കോടതി പറഞ്ഞു.നിലവിലുള്ള കോടതിയെ പ്രത്യേക എൻഐഎ കോടതിയാക്കി മാറ്റുന്നതിനെ സുപ്രിംകോടതി എതിർത്തു. ഇത് മറ്റു കേസുകളില്‍ ജയിലില്‍ കിടക്കുന്ന നൂറുകണക്കിന് ആളുകളോടുള്ള അനീതിയാണ്. മുതിർന്ന പൗരൻമാരും പാർശ്വവത്കൃത വിഭാഗത്തില്‍പ്പെട്ടവരും ദാമ്ബത്യ കേസുകളുമായി ബന്ധപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരുടെ വിചാരണ അനന്തമായി വൈകാൻ ഇത് കാരണമാവും. വിചാരണ ആരംഭിക്കാതിരിക്കുകയും ആളുകള്‍ വർഷങ്ങളോളം ജയിലുകളില്‍ കഴിയുകയും ചെയ്യുന്നത് കോടതിക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജാമ്യം നിഷേധിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നത് ഈ അവസരത്തില്‍ ആർട്ടിക്കിള്‍ 21ന്റെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.
പ്രത്യേക കോടതികള്‍ ഇല്ലാത്തതിനാല്‍ എൻഐഎ കേസുകളില്‍ വിചാരണ വൈകുന്നുവെന്ന് സുപ്രീം കോടതി
