കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടേയും മകള്‍ വൈഭവിയുടേയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. വിപഞ്ചികയുടേയും മകളുടേയും മൃതദഹേങ്ങള്‍ ഷാര്‍ജയില്‍ സംസ്‌കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു.മൃതദേഹം നാട്ടിലെത്തിക്കാന്‍ എങ്ങനെ ഉത്തരവിടാനാകുമെന്നും ഹൈക്കോടതി ആരാഞ്ഞു. ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെ കക്ഷി ചേര്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെയും എംബസിയുടേയും നിലപാട് അറിയണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് എന്‍ നഗരേഷാണിന്റേതാണ് നടപടി.വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി.
നിയമപരമായ അവകാശം ഭർത്താവിന്, മൃതദേഹം നാട്ടിലെത്തിക്കാൻ എങ്ങനെ ഉത്തരവിടാനാകും? വിപഞ്ചികയുടെ മരണം :ചോദ്യങ്ങളുമായി ഹൈക്കോടതി
