വ്യക്തിപരമായോ ആഡംബരപരമായോ ഉള്ള ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെടാൻ തടവുകാർക്ക് മൗലികാവകാശമില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധിച്ചു.ഭിന്നശേഷിക്കാരാണെങ്കില്‍ പോലും ഇത് ബാധകമാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ഭരണഘടനാപരമായും ധാർമ്മികപരമായും സർക്കാരിന് ഉത്തരവാദിത്തമുണ്ടെങ്കിലും, അത് ചെലവേറിയതോ ഇഷ്ടപ്പെട്ടതോ ആയ ഭക്ഷണം നല്‍കുന്നതിന് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, ‘ജയിലുകള്‍ പരിഷ്കരണ സ്ഥാപനങ്ങളാണ്, അല്ലാതെ സിവില്‍ സമൂഹത്തിന്റെ സൗകര്യങ്ങള്‍ക്കുള്ള ഇടമല്ല. അത്യാവശ്യമല്ലാത്തതോ ആഡംബരപരമോ ആയ വസ്തുക്കള്‍ നല്‍കാത്തത്, ആരോഗ്യത്തിനോ അന്തസ്സിനോ വ്യക്തമായ ദോഷം വരുത്തുന്നില്ലെങ്കില്‍, ഭരണഘടനാപരമായോ മനുഷ്യാവകാശ ലംഘനമായോ കണക്കാക്കാനാവില്ല,’ എന്ന് നിരീക്ഷിച്ചു.തമിഴ്‌നാട്ടിലെ ജയില്‍ ഭരണത്തിനായി മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനിടെ, ഇഷ്ടവിഭവങ്ങള്‍ നല്‍കാൻ ജയില്‍ അധികാരികള്‍ക്ക് കഴിയാത്തത് സ്ഥാപനപരമായ പരിമിതികള്‍ കാരണമാണെന്നും ഇത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.ജയില്‍ സൗകര്യങ്ങള്‍ തിരുത്തല്‍പരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും വ്യക്തിപരമായ സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ളതല്ലെന്നുമുള്ള തത്വം ഈ വിധി ആവർത്തിച്ചുറപ്പിക്കുന്നു.
തടവുകാര്‍ക്ക് ഇഷ്ടവിഭവങ്ങള്‍ ആവശ്യപ്പെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി
