യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം; സാഹചര്യം ദുരഭിമാനമാണെന്ന് കോടതി

Oplus_16908288

തലശ്ശേരി: മറ്റൊരാളെ പ്രണയിച്ച്‌ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവാഹിതയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ.സംഭവം ദുരഭിമാനക്കൊലയാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാഹചര്യത്തെളിവ് ദുരഭിമാനമാണെന്ന് അനുമാനിക്കാമെങ്കിലും സാക്ഷിമൊഴിയില്‍ ദുരഭിമാനക്കൊലയെക്കുറിച്ച്‌ പറയുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഉളിയില്‍ പടിക്കച്ചാല്‍ പുതിയപുരയില്‍ ഷഹത മൻസിലില്‍ ഖദീജയാണ് (28) കൊല്ലപ്പെട്ടത്. 2012 ഡിസംബർ 12-ന് ഉച്ചയ്ക്കാണ് സംഭവം. ഖദീജയുടെ സഹോദരന്മാരായ ഉളിയില്‍ പടിക്കച്ചാല്‍ പുതിയപുരയില്‍ കെ.എൻ. ഇസ്മയില്‍ (40), പുതിയപുരയില്‍ കെ.എൻ. ഫിറോസ് (36) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഭവനഭേദനത്തിന് ഏഴുവർഷം തടവും 25,000 രൂപ പിഴയും കൈകൊണ്ട് അടിച്ചതിന് ഒരുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. ആറു പ്രതികളുള്ള കേസില്‍ നാലുപേർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടിരുന്നു.കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയില്‍ വ്യാഴാഴ്ച രാവിലെ വാദം കേട്ട കോടതി വൈകിട്ട് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷും പ്രതിഭാഗത്തിനുവേണ്ടി പി.സി. നൗഷാദും ഹാജരായി. ഖദീജയെ കൊലപ്പെടുത്തിയെന്നും സുഹൃത്ത് കോഴിക്കോട് ഫറോക്കിലെ കോടമ്ബുഴ ഷാഹുല്‍ ഹമീദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. സുഹൃത്ത് ഉള്‍പ്പെടെ ഭൂരിഭാഗം സാക്ഷികളും വിചാരണവേളയില്‍ കൂറുമാറി.യുവതിയോട് ബന്ധം ഒഴിവാക്കാൻ പറഞ്ഞെങ്കിലും പിൻമാറാത്തതിലുള്ള വിരോധം കൊലപാതകത്തിന് കാരണമായെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാം വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിച്ച്‌ ഷാഹുല്‍ ഹമീദിനെ പടിക്കച്ചാലില്‍ എത്തിച്ച്‌ ആക്രമിക്കുകയായിരുന്നു. ഖദീജ താമസിച്ച വീടിന്റെ സെൻട്രല്‍ ഹാളില്‍ അതിക്രമിച്ച്‌ കയറിയ സഹോദരങ്ങളായ പ്രതികള്‍ നെഞ്ചിലും വയറിനും പുറത്തും കത്തികൊണ്ട് കുത്തി ഖദീജയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *