ബീഹാറിലെ വോട്ടർ പട്ടിക പുതുക്കല്‍ നടപടികള്‍ യാഥാർത്ഥ്യ ബോധത്തോടെയല്ലെന്ന് ആരോപിച്ച് ‘ഇന്ത്യ’ സഖ്യം സുപ്രീംകോടതിയില്‍.കോണ്‍ഗ്രസ്,സി.പി.ഐ,എൻ.സി.പി,ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്,ആർ.ജെ.ഡി,സമാജ്‌വാദി പാർട്ടി,ശിവസേന ഉദ്ദവ് വിഭാഗം,ജാർഖണ്ഡ് മുക്തി മോർച്ച,സി.പി.ഐ(എം.എല്‍) തുടങ്ങിയ പ്രതിപക്ഷ പാർട്ടികള്‍ ഹർജി സമർപ്പിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്,പീപ്പിള്‍സ് യൂണിയൻ ഫോർ സിവില്‍ ലിബർട്ടീസ്,ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവ്,മുൻ ബീഹാർ എം.എല്‍.എ മുജാഹിദ് ആലം (ജെ.ഡി.യു) തുടങ്ങിയവരുടെ ഹർജികള്‍ കോടതിക്ക് മുന്നിലുണ്ട്. വ്യാഴാഴ്ച പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ അടക്കം ആവശ്യം ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. എതിർകക്ഷിയായ തിരഞ്ഞെടുപ്പ് കമ്മിഷന് ഹർജികളുടെ പകർപ്പ് കൈമാറാൻ കോടതി അനുമതി നല്‍കി. വിഷയത്തില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട്,നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറില്‍ അതീവ നിർണായകമാണ്.
ബീഹാറിലെ വോട്ടർ പട്ടിക പുതുക്കല്‍: ‘ഇന്ത്യ’ സഖ്യം സുപ്രീംകോടതിയില്‍
