ഇഗ്നോ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി സെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്. ഇഗ്‌നോയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ ഹർജിക്കാരൻ 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലിചെയ്യുകയാണ്. 2021-ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർസെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടി. എന്നാൽ, ഇഗ്‌നോയുടെ പിജി സർട്ടിഫിക്കറ്റിന് സംസ്ഥാനസർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുകാണിച്ച് എൽബിഎസ് സെന്റർ സെറ്റ് സർട്ടിഫിക്കറ്റ് നൽകിയില്ല. യുജിസി അംഗീകൃത കേന്ദ്രസർവകലാശാലയാണ് ഇഗ്‌നോയെന്നും അതിനാൽ തുല്യതാസർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന് സെറ്റ് സർട്ടിഫിക്കറ്റ് ഉടൻ നൽകാനും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *