ഭർത്താവിന്റെ എതിർപ്പ് വകവെക്കാതെ മറ്റൊരാളുമായി ബന്ധം; ഭാര്യയുടെ പ്രവൃത്തി മാനസിക ക്രൂരത എന്ന് ഹൈക്കോടതി

ഡൽഹി: ഭർത്താവിന്റെ എതിർപ്പ് അവഗണിച്ച് മറ്റൊരു പുരുഷനുമായി തുടർച്ചയായി ഫോണിൽ സംസാരിക്കുന്നതും, ഭർത്താവില്ലാത്ത സമയത്ത് അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതും, അയാളുടെ വീട്ടിൽ സന്ദർശനം നടത്തുന്നതും മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി.ഭർത്താവിന്റെ വിവാഹമോചന ഹർജി തള്ളിയ കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് പാർത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സുഷമ സാവന്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി.1994 ലാണ് ഹർജിക്കാരനും ഭാര്യയും വിവാഹിതരായത്. ഇവർക്ക് മൂന്ന് മക്കളുണ്ട്. തന്റെ ആവർത്തിച്ചുള്ള എതിർപ്പുകൾ അവഗണിച്ച് ഭാര്യ മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചെന്നും അയാളുമായി നിരന്തരം സംസാരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് ഭർത്താവ് കുടുംബകോടതിയെ സമീപിച്ചത്.

എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ ഭാര്യ നിഷേധിച്ചു. ഭർത്താവ് തന്നോട് നിരന്തരം വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടെന്നും, ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും അവർ ആരോപിച്ചു. തന്റെ സ്വഭാവഹത്യ നടത്താൻ വേണ്ടിയാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഭാര്യ, 50,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും വിവാഹമോചന ഹർജി തള്ളണമെന്ന് വാദിക്കുകയും ചെയ്തു. തുടർന്ന് ഭർത്താവിന്റെ ഹർജി കുടുംബകോടതി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ ദമ്പതികളുടെ മക്കൾ പിതാവിന്റെ ആരോപണങ്ങളെ ശരിവെച്ച് നൽകിയ മൊഴി ഹൈക്കോടതി ഗൗരവമായി പരിഗണിച്ചു. കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ അമ്മ മറ്റൊരാളുമായി ബന്ധം തുടർന്നിരുന്നുവെന്ന മക്കളുടെ മൊഴികൾ കൃത്യമായ പരിഗണനയില്ലാതെ തള്ളിക്കളയാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തെളിവുകൾ പരിശോധിച്ച ഡിവിഷൻ ബെഞ്ച്, ഭർത്താവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഭാര്യ മറ്റൊരു വ്യക്തിയുമായി ഫോണിലൂടെ ബന്ധം തുടർന്നതും, ഭർത്താവിന്റെ അസാന്നിധ്യത്തിൽ അയാളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചതും, അയാളുടെ വീട്ടിൽ പോയതും ദാമ്പത്യ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഭർത്താവിന് കടുത്ത മാനസിക വേദന ഉണ്ടാക്കുന്നതാണെന്ന് നിരീക്ഷിച്ചു. ഭാര്യയുടെ ഇത്തരം പ്രവൃത്തികൾ മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഭർത്താവിന്റെ അപ്പീൽ അനുവദിക്കുകയും വിവാഹമോചനം നിഷേധിച്ച കുടുംബകോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *