12 വര്‍ഷമായി പരോള്‍ ലഭിച്ചില്ല; തടവുകാരന് അടിയന്തര അവധിക്ക് അപേക്ഷിക്കാം

12 വർഷമായി ജയിലില്‍ കഴിയുകയും ഇതുവരെ പരോള്‍ ലഭിക്കാതിരിക്കുകയും ചെയ്ത തടവുകാരന് അടിയന്തര അവധിക്കായി അപേക്ഷ നല്‍കാമെന്ന് മനുഷ്യാവകാശ കമ്മിഷൻ.അപേക്ഷ ലഭിച്ചാല്‍ ജയില്‍ ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് വിടണമെന്നും കമ്മിഷൻ അംഗം വി. ഗീത ജയില്‍ വകുപ്പ് ഡയറക്ടർ ജനറലിനും തവനൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനും നിർദേശം നല്‍കി.എസ്.ആർ. രാജീവ് എന്ന തടവുകാരന്റെ അമ്മ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍. മാതാപിതാക്കള്‍ രോഗികളാണെന്നും മകളുടെ വിവാഹം നടത്താനുണ്ടെന്നും പരാതിയില്‍ പറയുന്നു. മകന് പരോള്‍ ലഭിക്കാത്തതിനാല്‍ കാണാൻ കഴിയുന്നില്ലെന്നും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം തവനൂർ ജയിലിലെത്തി മകനെ സന്ദർശിക്കാനും സാധിക്കുന്നില്ലെന്നും അമ്മ വ്യക്തമാക്കി. ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട രാജീവിന് സാധാരണ അവധിക്ക് അർഹതയില്ലെന്നും അടിയന്തര അവധിക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്നുമായിരുന്നു ജയില്‍ അധികൃതരുടെ റിപ്പോർട്ട്. തുടർന്നാണ് അടിയന്തര അവധിക്കായി അപേക്ഷ നല്‍കാമെന്നും അത് ഉചിതമായ രീതിയില്‍ പരിഗണിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *